കുവൈത്ത് സിറ്റി : കുവൈത്തിൽ 3 മാസത്തെ പൊതുമാപ്പിന് ഇന്നു തുടക്കം. നിയമലംഘകരായ 1.2 ലക്ഷം പേർക്ക് ഗുണകരമാകുന്നതാണ് തീരുമാനം. രേഖകൾ കൈവശമുള്ളവർ നേരിട്ട് താമസ കുടിയേറ്റ വകുപ്പിനെ സമീപിച്ചാൽ നടപടി പൂർത്തിയാക്കാം. രേഖകൾ ഇല്ലാത്തവർ അതതു രാജ്യത്തെ എംബസികളിൽ നിന്ന് ഔട്പാസ് ശേഖരിച്ച് താമസ കുടിയേറ്റ വകുപ്പിൽ എത്തണം. ഈ അവസരം പ്രയോജനപ്പെടുത്തി ശിക്ഷ കൂടാതെ രാജ്യം വിടുകയോ പിഴ അടച്ച് താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.
പൊതുമാപ്പ് ജൂൺ 17 വരെ നീളുമെങ്കിലും നടപടികൾ പൂർത്തിയാക്കാൻ അവസാന നിമിഷത്തേക്ക് കാത്തിരിക്കരുതെന്നും ഓർമിപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് യാത്രാ വിലക്ക് നേരിടുന്നവർക്ക് കേസ് അവസാനിക്കുകയും താമസ കുടിയേറ്റ വിഭാഗത്തിൽനിന്ന് നോ ഒബ്ജക്ഷൻ നേടുകയും ചെയ്താൽ മാത്രമേ പൊതുമാപ്പിൽ രാജ്യം വിടാനാകൂ.