കുവൈത്ത് സിറ്റി: കുവൈത്തിൽ മൂന്നു മാസത്തെ സിംഗിൾ എൻട്രി സന്ദർശന വിസ അനുവദിച്ച് തുടങ്ങി. ഇന്ന് മുതൽ ‘കുവൈത്ത് വിസ പ്ലാറ്റ്‌ഫോം’ വഴിയാണ് സന്ദർശന വിസ ലഭ്യമായി തുടങ്ങിയത്. ഇതോടെ സന്ദർശകർക്ക് തുടർച്ചയായി മൂന്നു മാസം വരെ കുവൈത്തില്‍ താമസിക്കാനാകും.
നേരത്തെ ഒരു മാസത്തിനായിരുന്നു വിസ അനുവദിച്ചിരുന്നത്. നിലവില്‍ മൂന്ന് മാസം മുതൽ ഒരു വർഷം വരെ മൾട്ടിപ്പിൾ എൻട്രി സന്ദര്‍ശക വിസകളും ലഭ്യമാണ്. എന്നാൽ മൾട്ടിപ്പിൾ എൻട്രി വിസയിൽ ഒരുമാസം മാത്രമെ തുടർച്ചയായി കുവൈത്തില്‍ കഴിയാനാവൂ. ഒരു മാസത്തേക്ക് മൂന്നു ദിനാറും ആറു മാസത്തേക്ക് ഒമ്പതു ദിനാറും ഒരു വർഷത്തേക്ക് 15 ദിനാറുമാണ് വിസ ഫീസ്. സന്ദർശകർക്ക് ആവശ്യമായ ഓപ്ഷൻ തെരഞ്ഞെടുക്കാം. പ്രത്യേക വ്യവസ്ഥകളോടെ ടൂറിസ്റ്റ് വിസകൾ എല്ലാ രാജ്യക്കാർക്കും അനുവദിക്കും.
അംഗീകൃത രാജ്യങ്ങളുടെ പട്ടികയും യോഗ്യതയുള്ള തൊഴിലുകളുടെ പട്ടികയും ആഗോള സൂചകങ്ങൾ അനുസരിച്ച് പുതുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കുടുംബ സന്ദർശന വിസ അപേക്ഷകന് നിർബന്ധമാക്കിയിരുന്ന കുറഞ്ഞ ശമ്പള വ്യവസ്ഥ, കുവൈത്ത് ദേശീയ വിമാന കമ്പനികളെ ആശ്രയിക്കണമെന്ന നിയമം, യൂനിവേഴ്സിറ്റി ബിരുദ യോഗ്യത എന്നിവയും നേരത്തെ ഒഴിവാക്കിയിരുന്നു.



