കുവൈത്ത്: 6 മാസത്തിൽ കൂടുതൽ വിദേശത്തു കഴിയുന്ന കുവൈത്ത് വീസക്കാർക്ക് തിരിച്ചെത്താനുള്ള സമയപരിധി 31ന് അവസാനിക്കും. കോവിഡ് കാലത്ത് മാനുഷിക പരിഗണനയിൽ നൽകിയിരുന്ന ഇളവാണ് പിൻവലിക്കുന്നത്.
ഇതിനകം തിരിച്ചെത്താത്തവരുടെ വീസ ഫെബ്രുവരി 1 മുതൽ സ്വമേധയാ റദ്ദാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫവാസ് അൽ മഷ്ആൻ പറഞ്ഞു. വിദേശത്തുനിന്ന് വീസ പുതുക്കാനുള്ള അനുമതിയും ഇതോടെ നിർത്തലാക്കും.
6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു കഴിയുന്ന ജീവിത പങ്കാളി, മക്കൾ, വിദ്യാർഥികൾ എന്നിവരോട് തിരിച്ചെത്താൻ ആവശ്യപ്പെട്ട് ‘കുടുംബത്തോടൊപ്പം ചേരൂ’ എന്ന പ്രമേയത്തിൽ ബോധവൽക്കരണ ക്യാംപെയ്നും ആരംഭിച്ചു.
നിശ്ചിത സമയത്തിനകം തിരിച്ചെത്താത്തവർക്ക് വീണ്ടും രാജ്യത്ത് വരണമെങ്കിൽ നടപടികൾ പൂർത്തിയാക്കി പുതിയ വീസ എടുക്കേണ്ടിവരും.