കുവൈത്ത് സിറ്റി: കുവൈത്ത് ജനസംഖ്യയില്‍ സ്വദേശികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ്. രാജ്യത്തെ ആകെ ജനസംഖ്യ അരക്കോടിയോട് അടുക്കുന്നു. പ്രവാസികളില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. കഴിഞ്ഞ ദിവസം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട കണക്കനുസരിച്ച് നാല്‍പ്പത്തി ഏഴ് ലക്ഷത്തിലേറെയാണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജനസംഖ്യയില്‍ സ്വദേശികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ കുവൈത്തി പൌരന്മാരുടെ എണ്ണം പതിനഞ്ച് ലക്ഷമായി ഉയര്‍ന്നു. ബാക്കി 32 ലക്ഷ ത്തിലേറെയും പ്രവാസികളാണ്.
69 ശതമാനം പ്രവാസികളും 31 ശതമാനം കുവൈത്തി പൗരന്മാര്‍ എന്നതാണ് ജനസംഖ്യയിലെ അനുപാതം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ വിദേശികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടില്ല. അതിനിടെ രാജ്യത്ത് താമസിക്കുന്ന പ്രവാസി സമൂഹങ്ങളിലെ കുട്ടികളുടെ എണ്ണം വർധിച്ചതായി പ്രാദേശിക മാധ്യമമായ അൽ ഖബസ് റിപ്പോർട്ട് ചെയ്തു.
കുവൈത്തില്‍ സ്വദേശികളും പ്രവാസികളുമായി ആകെ 20.5 ലക്ഷം തൊഴിലാളികളാണ് ഉള്ളത്. അതില്‍ 22 ശതമാനവും കുവൈത്തികളും ബാക്കി വിദേശികളുമാണ്. സർക്കാർ മേഖലയില്‍ കുവൈത്തി പൗരന്മാരാണ് ഭൂരിപക്ഷമെങ്കിലും സ്വകാര്യ തൊഴില്‍ മേഖലയിൽ സ്വദേശികള്‍ നാലാം സ്ഥാനത്താണ്.