കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്ക് സ്വന്തം പേരിൽ അപ്പാർട്മെന്റ് വാങ്ങാൻ അനുമതി ലഭിച്ചേക്കും. ഇതുസംബന്ധിച്ച് മന്ത്രിതല സമിതി നിർദേശം മന്ത്രിസഭയുടെ പരിഗണനയിലാണ്.
രാജ്യത്തെക്കു കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനും സമ്പന്ന പ്രവാസികളെ കുവൈത്തിൽ നിലനിർത്താനും ലക്ഷ്യമിട്ടാണ് പദ്ധതി. നിർദേശത്തിനു അംഗീകാരം ലഭിച്ചാൽ വിദേശികൾക്ക് 350 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കവിയാത്ത അപ്പാർട്മെന്റ് സ്വന്തമാക്കാം. കുവൈത്തിലെ 13000 കെട്ടിടങ്ങളിലായി 3.2 ലക്ഷം അപ്പാർട്മെന്റുകളുണ്ട്.
അപേക്ഷകൻ കുവൈത്തിൽ നിയമാനുസൃത താമസക്കാരനാകണം, സ്വന്തം പേരിൽ വേറെ അപാർട്മെന്റ് ഉണ്ടാകരുത്, വിശ്വാസ വഞ്ചന പോലുള്ള കേസുകളിൽ കോടതി ശിക്ഷിച്ച ആളാകരുത് എന്നിവയാണ് പ്രധാന നിബന്ധന. ജൂൺ 6ന് നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷം രൂപീകരിക്കുന്ന മന്ത്രിസഭയിൽ നിർദേശം ചർച്ച ചെയ്ത് തീരുമാനം പ്രഖ്യാപിക്കും.