കുവൈത്ത്: സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട കണക്ക് പ്രകാരം 43 ലക്ഷത്തി എൺപത്തി അയ്യായിരമാണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇതിൽ 14,88,716 പേർ സ്വദേശികളും 28,970,000 പേർ പ്രവാസികളുമാണ്. ഫീൽഡ് സർവേക്ക് പകരം അഡ്മിനിസ്ട്രീവ് രേഖകൾ അടിസ്ഥാനമാക്കിയാണ് സെൻസസ് തയ്യാറാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
35 ശതമാനം സ്വദേശികളും 65 ശതമാനം വിദേശികളും എന്നതാണ് ജനസംഖ്യയിലെ അനുപാതം. പിന്നിട്ട രണ്ട് വർഷം വിദേശി ജനസംഖ്യയിൽ കുറവ് വന്നെങ്കിലും ഇപ്പോഴും ജനസംഖ്യയിൽ ഭൂരിപക്ഷം വിദേശികളാണ്. പ്രവാസികളിൽ അഞ്ച് ലക്ഷത്തിലേറെ ആളുകൾ നിരക്ഷരാണ്.
വിദേശികളിൽ പത്ത് ലക്ഷത്തിലേറെ പേർ ഇന്ത്യക്കാരാണ്. സെൻസസ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും ജനസാന്ദ്രത ഏറിയ പ്രദേശം ഫർവാനിയ ഗവർണറേറ്റാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 25 ശതമാനത്തിലേറെയും താമസിക്കുന്നത് ഫർവാനിയയിലാണ്.സ്വദേശികളും പ്രവാസികളുമായി 11 ലക്ഷത്തിലേറെ പേർ ഇവിടെ താമസിക്കുന്നതായി റിപ്പോർട്ടിൽ വെളിപ്പെടുത്തി. ഏറ്റവും കൂടുതൽ കുവൈത്തികൾ താമസിക്കുന്നത് അഹമ്മദി ഗവർണറേറ്റിലാണെന്നും സെൻസസിൽ ചൂണ്ടിക്കാട്ടുന്നു.