കുവെെത്ത് സിറ്റി: കുവൈത്തില്‍ ഉയർന്ന താപനില തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുവൈത്ത് സിറ്റിയിലും ജഹ്‌റയിലും അന്തരീക്ഷ താപനില 51 ഡിഗ്രി സെൽഷ്യസിലെത്തിയതായി കാലാവസ്ഥാ നിരീക്ഷകൻ ജമാൽ ഇബ്രാഹിം അറിയിച്ചു. ലോകത്തിലെ ഏറ്റവും ഉയർന്ന താപനിലയിൽ കുവൈത്ത് അഞ്ചാം സ്ഥാനത്തെത്തിയതായി പ്രാദേശിക മാധ്യമമായ അൽ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. ചൂട് കനത്തതോടെ ആഗോള താപനിലയില്‍ ഉയർന്ന സൂചികയാണ് കുവൈത്തില്‍ നിന്നും റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളില്‍ താപനില 50 ഡിഗ്രി സെൽഷ്യസ് കഴിയുമെന്ന് കാലാവസ്ഥ കേന്ദ്രം പ്രവചിച്ചിരുന്നു. ഇന്ത്യൻ സീസണൽ ഡിപ്രഷനും ചൂടുള്ള കാറ്റും കുവൈത്തില്‍ വരും ദിവസങ്ങളിലും തുടരുമെന്ന് ചീഫ് മറൈൻ നിരീക്ഷകന്‍ യാസർ അൽ-ബ്ലൂഷി പറഞ്ഞു. പകല്‍ സമയങ്ങളില്‍ ഉയര്‍ന്ന താപനില അനുഭവപ്പെടുമെങ്കിലും രാത്രി കാലങ്ങളില്‍ ചൂട് 35-27 ഡിഗ്രിയിലേക്ക് താഴും. നേരത്തെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് സ്ഥാനം പിടിച്ചിരുന്നു.
2016 ജൂലായ് 21 നു കുവൈത്തിലെ മരുപ്രദേശമായ മുത്തര്‍ബയിലാണു ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താപ നിലയില്‍ ഒന്നായ 53.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഏഷ്യയിലെ ഒന്നാമത്തെയും ലോക ചരിത്രത്തിലെ മൂന്നാമത്തെയും ഉയര്‍ന്ന താപനിലയാണിത്. അതിനിടെ ഈ മാസം അവസാനത്തോടെ കത്തുന്ന ചൂടില്‍ ഗണ്യമായ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് കുവൈത്ത്.