ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസവുമായി കുവൈത്ത്. ഇസ്രായേലുമായുള്ള യുദ്ധത്തിൽ തകർന്ന ഫലസ്തീന് മരുന്നുകൾ, ഭക്ഷണം, ടെൻറുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ തുടങ്ങിയവയാണ് അയച്ചത്. ഈജിപ്തിലെ അൽ-അരിഷ് വിമാനത്താവളം വഴിയാണ് ഗസ്സയിൽ സഹായങ്ങൾ എത്തിക്കുക. ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്കുള്ള സംഭാവനകൾ അർഹരായവരിലേക്ക് എത്തിക്കുമെന്ന് സാമൂഹികകാര്യ മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറി അബ്ദുൽ അസീസ് അൽ മുതൈരി അറിയിച്ചു.
ആവശ്യമായ സഹായങ്ങൾ എത്രയും വേഗം എത്തിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം അംഗീകരിച്ച അസോസിയേഷനുകളുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. ഗസ്സ പ്രതിസന്ധിയുടെ തുടക്കം മുതൽ തന്നെ ബന്ധപ്പെട്ട ചാരിറ്റികളുമായി ആശയവിനിമയം നടത്താൻ മന്ത്രാലയം മുൻകൈയെടുത്തുവെന്ന് അൽ മുതൈരി വ്യക്തമാക്കി.