കുവൈത്ത് സിറ്റി: കുവൈത്തില്‍ താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് തിരിച്ചടിയായി വാടക വര്‍ധന. പ്രവാസികളുടെ ആകെ വരുമാനത്തിന്‍റെ ശരാശരി 30 ശതമാനം വീട്ടുവാടക ഇനത്തിൽ ചെലവ് വരുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്തെ 62 ശതമാനം പ്രവാസി തൊഴിലാളികളും പ്രതിമാസം 125 കുവൈത്ത് ദിനാറിന് താഴെയാണ് ശമ്പളം വാങ്ങുന്നത്. 33 ശതമാനം പേർക്ക് 325 മുതൽ ദിനാർ 400വരെ ശമ്പളം ലഭിക്കുന്നതായും ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ച് അൽ അൻബ ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. വാടക വർധന മൂലം അഞ്ചുപേർ വരെ മുറി പങ്കിടുന്ന രീതിയും പല സ്ഥലങ്ങളിലുമുണ്ട്.
വാടക കുറഞ്ഞ ചെറിയ സൗകര്യങ്ങളുള്ള താമസസ്ഥലങ്ങൾ കണ്ടെത്തി പലരും ഇവിടങ്ങളിൽ താമസമാക്കുന്നുമുണ്ട്. രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള അപ്പാർട്ടമെന്റുകളിൽ മുറികളും ഹാളുകളും വാടകയ്ക്ക് നൽകുന്ന രീതിയുമുണ്ട്. രണ്ടോ മൂന്നോ മുറികളും ഹാളും ഉൾപ്പെടുന്ന അപ്പാർട്ട്മെന്റുകൾ പാർട്ടീഷനിങ് സമ്പ്രദായത്തിൽ വാടകയ്ക്ക് നൽകുന്നു. ഇതിലൂടെ വാടകക്കാർക്ക് ഉയർന്ന വരുമാനവും താഴ്ന്ന വരുമാനമുള്ള പ്രവാസികൾക്ക് ചെലവു കുറഞ്ഞ താമസസൗകര്യവും ലഭിക്കുന്നു. ആയിരക്കണക്കിനാളുകള്‍ പപാര്‍ട്ടീഷനുകളില്‍ താമസിക്കുന്നു. വാടക ചെലവ് കുറക്കാനായി പല ഏഷ്യൻ കുടുംബങ്ങളും താൽക്കാലിക പാർട്ടീഷനുകളുള്ള അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. കുവൈത്തിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തില്‍ ഏകദേശം 3.2 ദശലക്ഷവും പ്രവാസികളാണെന്നാണ് അടുത്തിടെ കുവൈത്ത് സെന്‍സസ് വെളിപ്പെടുത്തിയത്.