കുവൈത്ത് സിറ്റി : കുവൈത്തിൽ കുട്ടികൾക്ക് യാത്ര ചെയ്യാൻ പുതിയ നിയമം. വിദേശികളായ കുട്ടികൾക്ക് രാജ്യത്തിനു പുറത്തേക്ക് യാത്രചെയ്യാൻ പിതാവിന്റെ സമ്മതപത്രം നിർബന്ധമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം, കുട്ടികളുടെ പാസ്‌പോർട്ട് പരിശോധിക്കുന്ന എല്ലാ സ്ഥലങ്ങളിലും പ്രത്യേകം തയാറാക്കിയ കൺസന്റ് ഫോമിൽ പിതാവിന്റെ ഒപ്പ് വേണം. ഇത് എമിഗ്രെഷനിൽ സമർപ്പിച്ചാൽ മാത്രമേ കുട്ടികളുടെ യാത്ര അനുവദിക്കൂ.
അമ്മയോ ബന്ധുവോ ഒപ്പമുണ്ടെങ്കിലും പിതാവിന്റെ സമ്മതപത്രമില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കില്ല. ദമ്പതികൾ തമ്മിലുള്ള തർക്കങ്ങൾ കാരണം അമ്മ കുട്ടികളുമായി രാജ്യം വിടുന്നത് തടയാനാണ് പുതിയ നിയമം.
പിതാവിന്റെ സമ്മതമില്ലാതെ കുട്ടികളെ കൊണ്ടുപോകുന്നത് നിയമലംഘനമാണെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.