കുവൈത്ത് സിറ്റി : വിദേശികൾക്ക് പൗരത്വം നൽകുന്നത് നിയന്ത്രിക്കുന്ന നിയമ ഭേദഗതിക്ക് കുവൈത്ത് അംഗീകാരം നൽകി. ഭാര്യ കുവൈത്തി വനിതയായതുകൊണ്ടോ വിദേശ വനിത കുവൈത്ത് പൗരനെ വിവാഹം കഴിച്ചതുകൊണ്ടോ പൗരത്വം നൽകണമെന്ന് നിർബന്ധമില്ലെന്ന് ഭേദഗതിയിൽ വ്യക്തമാക്കുന്നു.
വ്യാജ രേഖകളിലൂടെയോ വഞ്ചനയിലൂടെയോ നേടിയപൗരത്വം റദ്ദാക്കാനും ഭേദഗതി അനുശാസിക്കുന്നു. പൗരത്വം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് 15 വർഷമുണ്ടായിരുന്ന വ്യവസ്ഥയും ഒഴിവാക്കി. ദേശീയ സ്വത്വം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിയമവിരുദ്ധമായി പൗരത്വം നേടിയവരെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഹോട്ട് ലൈനിൽ അറിയിക്കണമെന്നും അഭ്യർഥിച്ചു.