കുവൈത്ത് സിറ്റി: നിയമ ലംഘകർക്കെതിരെ കർശന നടപടിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിച്ച പ്രവാസികളെ മൂന്നു ദിവസത്തിനുള്ളിൽ നടപടികൾ പൂർത്താക്കി നാട് കടത്താനാണ് ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നത്.
എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസരിച്ചായിരിക്കും നടപടികൾ സ്വീകരിക്കുക. ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസുഫ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് നടപടി.
നിലവിൽ കുവൈത്തിൽ നിന്ന് പ്രതിമാസം 3000 പേരെ നാടുകടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനങ്ങളിൽ പിടിയിലായ പ്രവാസി പുരുഷൻമാരെയും സ്ത്രീകളെയും മാതൃദേശത്തേക്ക് തിരിച്ചയക്കും. തൊഴിലുടമകൾ വിമാന ടിക്കറ്റ് നൽകാൻ തയ്യാറാകാതെ വന്നാൽ, ആഭ്യന്തര മന്ത്രാലയം കരാർ ചെയ്ത ട്രാവൽ ഏജൻസികളിലൂടെ ടിക്കറ്റ് ഒരുക്കും. പിന്നീട് ആ തുക മന്ത്രാലയം തൊഴിലുടമകളിൽ നിന്ന് ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.
സുലൈബിയയിൽ ആരംഭിച്ച പുതിയ നാടുകടത്തൽ കേന്ദ്രത്തിൽ 1000 പുരുഷന്മാരെയും 400 സ്ത്രീകളെയും താമസിപ്പിക്കാൻ സൗകര്യമുണ്ട്. ഏറ്റവും പുതിയ സുരക്ഷാ സംവിധാനം, ഫർണിച്ചറുകൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ആരോഗ്യ ക്ലിനിക്കുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും പാലിച്ചാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. നാടുകടത്തപ്പെടുന്നവർക്ക് എംബസിയുമായി കൂടിക്കാഴ്ച നടത്താനും കുടുംബത്തെ ബന്ധപ്പെടാനും അവസരം നൽകുന്നതായി അധികൃതർ വ്യക്തമാക്കി