കണ്ണൂർ: രാഷ്‌ട്രപതി ഭവനിലെ മുഗൾ ഗാർഡന്റെ പേര് മാറ്റിയതിൽ അതൃപ്തിയുമായി സ്പീക്കർ എ.എൻ ഷംസീർ. ഇന്ത്യയെ ഹിന്ദു രാഷ്‌ട്രം ആക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു. ഇപ്പോൾ രാജ്യത്ത് നടക്കുന്നത് പേരുമാറ്റൽ മഹാമാരിയാണ്. അതിന് ഉദാഹരണമാണ് മുഗൾ ഗാർഡന്റെ പേര് മാറ്റിയതെന്നുമാണ് എ.എൻ ഷംസീറിന്റെ വാദം. പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ നടന്ന കൈയ്യെഴുത്ത് മാസിക പ്രദർശന പരിപാടിയുടെ വേദിയിൽ സംസാരിക്കുകയായിരുന്നു സ്പീക്കർ.
മുഗൾ ഗാർഡൻ ഇനി മുതൽ അമൃത് ഉദ്യാൻ എന്ന പേരിലാണ് അറിയപ്പെടുക. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് പേരു മാറ്റൽ. കൊളോണിയൽ വിധേയത്വം ഉപേക്ഷിക്കുന്നതിന്റെ ഭാഗമാണിത്. ഭാരതീയരുടെ മനസ്സിന്റെ അഗാധ തലത്തിൽ നിന്നടക്കം അടിമത്ത ബോധത്തിന്റെ കണികകൾ നീക്കി കളയണം എന്ന തീരുമാനമാണ് മുഗൾ ഗാർഡന്റെ പേര് മാറ്റത്തിലേയ്‌ക്ക് കേന്ദ്രസർക്കാരിനെ നയിച്ചത്. രാഷ്‌ട്രപതി ഭവനിലെ മുഗൾ ഗാർഡന്റെ പേര് മാറ്റിയതിന് പിന്നാലെ കോൺഗ്രസും സിപിഎമ്മും രംഗത്തു വന്നിരുന്നു. എന്നാൽ, കേവലം മതത്തിന്റെ പേരിൽ ഒരു നല്ല തീരുമാനത്തെ എഴുതി തള്ളാൻ ശ്രമിക്കുകയാണ് കോൺഗ്രസും സിപിഎമ്മും എന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങൾ വിമർശിച്ചു.
അതേസമയം, രാഷ്‌ട്രപതി ഭവനിലെ പൂന്തോട്ടങ്ങളുടെ പേര് ‘അമൃത് ഉദ്യാൻ’ എന്നാക്കിയതിനെ സ്വാഗതം ചെയ്ത് മുസ്ലീം രാഷ്‌ട്രീയ മഞ്ച് രംഗത്തു വന്നു. വസുധൈവ കുടുംബകത്തെ അടയാളപ്പെടുത്തുന്നതാണ് അമൃത് ഉദ്യാനെന്ന പുതിയ പേരെന്ന് സംഘടന വ്യക്തമാക്കി. അമൃത് എന്നാൽ ശക്തിയാണ്, അതിന് മരണമില്ലെന്ന് മുസ്ലീം രാഷ്‌ട്രീയ മഞ്ച് മീഡിയ ഇൻ ചാർജ് ഷാഹിദ് സയിദ് പറഞ്ഞു.