കൊച്ചി: ക്രിമിനൽ സ്വഭാവമുള്ള രഹസ്യവിവാഹങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിവാഹ രജിസ്ട്രേഷന് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കണമെന്ന് കെ.സി.ബി.സി ജാഗ്രത കമ്മീഷന്‍. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹ രജിസ്‌ട്രേഷന്‍റെ കാര്യത്തില്‍ ഒരു മാസത്തെ നോട്ടീസ് പിരീഡ് ആവശ്യമുണ്ടോ എന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ.സി.ബി.സി ഈ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്. പഠന കാലയളവിലും ചെറിയ പ്രായത്തിലും 18 വയസ് പൂർത്തിയായി എന്ന ഒരേയൊരു ആനുകൂല്യത്തിന്റെ പിൻബലത്തിൽ മാതാപിതാക്കൾ അറിയാതെ വിവാഹം രജിസ്റ്റർ ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടണമെന്നും കെ.സി.ബി.സി ആവശ്യപ്പെടുന്നു.
സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹ രജിസ്‌ട്രേഷൻ; ഭേദഗതികൾ അനിവാര്യം. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹ രജിസ്‌ട്രേഷൻ സംബന്ധിച്ച്നിർണ്ണായകമായ ഒരു നിരീക്ഷണം നടത്തിയിരിക്കുകയാണ് കേരള ഹൈക്കോടതി. വിദേശ ജോലിയുടെ ഇടവേളയിൽ നാട്ടിലെത്തി വിവാഹിതരാകുന്ന യുവജനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഒരു മാസത്തെ നോട്ടീസ് പിരീഡ് ആവശ്യമുണ്ടോ എന്നാണ് കോടതി സർക്കാരിനോട് ചോദിച്ചിരിക്കുന്നത്. കോടതിയുടെ നിരീക്ഷണം യുക്തവുമാണ്.
1954 ലെ സ്‌പെഷ്യൽ മാര്യേജ് ആക്ട് വിഭാവനം ചെയ്തിരിക്കുന്നത് മതാചാരങ്ങൾക്ക് അതീതമായി വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്കും മതാന്തര വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയാണ്. ഏതെങ്കിലും മതങ്ങളുടെ ആചാരങ്ങൾ പ്രകാരം വിവാഹിതരാകുന്നവർക്കുവേണ്ടി ഹിന്ദു, മുസ്‌ലീം, ക്രിസ്ത്യൻ വിവാഹ നിയമങ്ങൾ നിലവിലുണ്ട്. മത സംവിധാനങ്ങളുമായി സഹകരിക്കാൻ സന്നദ്ധരല്ലാത്ത അപൂർവ്വം ചിലരും, മറ്റുമതങ്ങളിൽ പെട്ടവരെ വിവാഹം കഴിക്കുന്നവരുമാണ് സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നവർ. അതിൽ രണ്ടാമത്തെ വിഭാഗമാണ് ബഹുഭൂരിപക്ഷവും.
2008 മുതൽ മതാചാരങ്ങൾ പ്രകാരം വിവാഹം ചെയ്യുന്ന എല്ലാ മതസ്തരും വിവാഹം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്. 2008 ലെ വിവാഹ രജിസ്‌ട്രേഷൻ ചട്ടം പ്രകാരമാണ് രജിസ്റ്റർ ചെയ്യേണ്ടത്. അതനുസരിച്ച് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളിൽ വിവാഹം രജിസ്റ്റർ ചെയ്യുകയും സർട്ടിഫിക്കേറ്റ് കൈപ്പറ്റുകയും വേണം. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യേണ്ടത് രജിസ്‌ട്രേഷൻ വകുപ്പിന് കീഴിലുള്ള രജിസ്ട്രാർ/ സബ്‌രജിസ്ട്രാർ ഓഫീസുകളിലാണ്. പാസ്പോർട്ട് പോലുള്ള ഔദ്യോഗിക രേഖകൾക്ക് വിവാഹശേഷം ഇതിൽ ഏതെങ്കിലും ഒരു വിവാഹ സർട്ടിഫിക്കേറ്റ് ആവശ്യമുണ്ട്. അത്തരത്തിൽ തൊഴിൽ സംബന്ധമായ ആവശ്യങ്ങൾകൂടി ഉള്ള യുവതീയുവാക്കളുടെ കാര്യത്തിൽ വിവാഹ രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ അൽപ്പംകൂടി ലഘൂകരിക്കപ്പെടേണ്ടതുണ്ട് എന്ന ബഹു. ഹൈക്കോടതിയുടെ നിരീക്ഷണം വളരെ ശരിയാണ്. എന്നാൽ, ഇത്തരം സാഹചര്യങ്ങളെ പ്രതി നിയമങ്ങളിൽ ഭേദഗതി വരുത്തുംമുമ്പ് ചില വസ്തുതകൾ കൂടി പരിഗണിക്കേണ്ടതുണ്ട്.
കഴിഞ്ഞ ചില വർഷങ്ങളായി കേരളം കണ്ടുകൊണ്ടിരിക്കുന്ന അപൂർവ്വ പ്രതിഭാസങ്ങളിൽ ഒന്നാണ് രഹസ്യ വിവാഹങ്ങൾ. പതിനെട്ട് വയസ് പൂർത്തിയായി ഏതാനും ദിവസങ്ങൾക്കുള്ളിൽ പോലും വിദ്യാർത്ഥിനികളെ ചതിയിൽപ്പെടുത്തി വീട്ടിൽനിന്ന് വിളിച്ചിറക്കിക്കൊണ്ട് പോയി മാതാപിതാക്കളും ബന്ധുക്കളും അറിയാതെ നടക്കുന്ന വിവാഹങ്ങൾ, രഹസ്യമായ മതംമാറ്റങ്ങൾ, വിവാഹശേഷമുള്ള ആത്മഹത്യകൾ എന്നിവ ഇവിടെ പെരുകിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള പ്രണയവിവാഹങ്ങൾക്ക് ശേഷം ചെറിയ പ്രായത്തിലുള്ള പെൺകുട്ടികൾ മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നതും, പങ്കാളികളാകുന്നതും ഒറ്റപ്പെട്ട സംഭവങ്ങളല്ല. വിവാഹത്തിന്‍റെ നോട്ടീസ് കാലയളവ് കുറയ്ക്കുന്നത് സാങ്കേതികമായി ഗുണകരമാകുമെങ്കിലും മേൽപ്പറഞ്ഞ സാഹചര്യങ്ങൾ പരിഗണിച്ച് താഴെ പറയുന്ന കാര്യങ്ങളിൽ സർക്കാരും നീതിപീഠവും ജാഗ്രത പുലർത്തേണ്ടതുണ്ട്:
1) ക്രിമിനൽ സ്വഭാവമുള്ള രഹസ്യവിവാഹങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിവാഹ രജിസ്ട്രേഷന് പോലീസ് വെരിഫിക്കേഷൻ നിർബ്ബന്ധിതമാക്കണം. മയക്കുമരുന്ന് മാഫിയകളിലേയ്ക്ക് പുതുതായി വിവാഹിതരായ പെൺകുട്ടികൾ എത്തിപ്പെടുന്നത്, നിലവിൽ വിവാഹിതരായിരിക്കുന്ന സാഹചര്യം മറച്ചുവച്ച് പെൺകുട്ടികളെ ചതിച്ച് വിവാഹം കഴിക്കുന്നത്, വ്യാജ റസിഡൻഷ്യൽ സർട്ടിഫിക്കേറ്റ് കരസ്ഥമാക്കി വിദൂര ദേശങ്ങളിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നത്, ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികളുടെ ചതിയിൽ പെൺകുട്ടികൾ അകപ്പെടുന്നത് എന്നിങ്ങനെ ഇത്തരം വിവാഹ രജിസ്ട്രേഷനുകളിൽ ഒട്ടേറെ തിരിമറികൾ നടന്നുവരുന്നത് അത്തരത്തിൽ തടയാൻ കഴിയും.
2) വിവാഹാർത്ഥികളുടെ സ്ഥിര താമസ സ്ഥലങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നോട്ടീസ് ബോർഡിൽ വിവാഹ പരസ്യം പതിക്കണം. 2020 ൽ നിർത്തലാക്കിയ ഓൺലൈൻ വിവാഹ അറിയിപ്പ് സംവിധാനം പുനഃസ്ഥാപിക്കണം.
3) പഠന കാലയളവിലും ചെറിയ പ്രായത്തിലും 18 വയസ് പൂർത്തിയായി എന്ന ഒരേയൊരു ആനുകൂല്യത്തിന്റെ പിൻബലത്തിൽ മാതാപിതാക്കൾ അറിയാതെ വിവാഹം രജിസ്റ്റർ ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടണം. മാതാപിതാക്കളുടെ അനുമതി എന്നതല്ല, 18 വയസ് വരെ പോറ്റിവളർത്തിയ മാതാപിതാക്കളുടെ അറിവില്ലാതെ മക്കൾ പുറപ്പെട്ടുപോകുന്ന അവസ്ഥ ഒഴിവാക്കപ്പെടണം. ഇപ്പോഴത്തെ അവസ്ഥയിൽ മാസങ്ങൾ കഴിഞ്ഞുമാത്രമാണ് ചില വിവാഹങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് പലപ്പോഴും അറിവ് ലഭിക്കുന്നത് പോലും.
4) വിവാഹാർത്ഥിനി വിദ്യാർത്ഥിനി/ 21 വയസിൽ താഴെ ആയിരിക്കുന്ന പക്ഷം വേണ്ടവിധം യോഗ്യതയും പരിചയവുമുള്ള ഒരു സൈക്കോളജിക്കൽ കൗൺസിലറുടെ കീഴിൽ കൗൺസിലിംഗിന് വിധേയയാക്കണം. വിവിധ തരം ചൂഷണങ്ങൾ, കബളിപ്പിക്കലുകൾ, വൈകാരിക അടിമത്തം തുടങ്ങിയവ വഴിയായി വിവാഹത്തിന് വഴങ്ങുന്ന സംഭവങ്ങൾ പലതുണ്ട്. ഇനിയും ഈ നാട്ടിൽ പ്രണയം നടിച്ചുള്ള ചതികൾ ഉണ്ടാകാതിരിക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുവാൻ അധികാരികൾ തയ്യാറാകണം.
കെസിബിസി ജാഗ്രത കമ്മീഷൻ