ഡല്‍ഹി: രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം. ‘മോദി – അദാനി ഭായ് ഭായ്’ വിളികളുമായി പ്രതിപക്ഷം ബഹളം വെച്ചു. നന്ദിപ്രമേയ ചർച്ചയിൽ രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
പ്രതിപക്ഷ സമീപനം രാജ്യതാത്പര്യം തകർക്കുന്നതാണെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസ് കുടുംബം രാജ്യത്തെ തകര്‍ത്തു. പാവങ്ങളുടെ ഉന്നമനത്തിനായി നിലകൊള്ളാൻ ബി.ജെ.പി സർക്കാരിനായി. സർക്കാർ ഒന്നിൽ നിന്നും ഓടിയൊളിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതിനിടെ അദാനി ഓഹരി വിവാദത്തിൽ പ്രധാനമന്ത്രിക്കെതിരെ മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശങ്ങൾ രാജ്യസഭാ രേഖകളിൽ നിന്ന് നീക്കി. നടപടി സെൻസർഷിപ്പാണെന്ന് ആരോപിച്ച് കോൺഗ്രസ് രാജ്യസഭയിൽ പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ നീക്കിയതിൽ ലോക്സഭ സ്പീക്കർക്ക് കോൺഗ്രസ് പരാതി നൽകും. അദാനി വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ്, ബിആര്‍എസ്, എഎപി അംഗങ്ങൾ ഇന്നും നോട്ടീസ് നൽകി. അനുമതി നിഷേധിച്ചതോടെ അംഗങ്ങൾ സഭ ബഹിഷ്കരിച്ച് ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിച്ചു.
അതിനിടെ രാഹുല്‍ ഗാന്ധിയുടെ പേരു പരാമര്‍ശിക്കാതെ നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍ ഇന്നലെ വിമര്‍ശനം ഉന്നയിക്കുകയുണ്ടായി. വെറുപ്പിന്‍റെ രാഷ്ട്രീയം പുറത്തുവന്നു. ചിലർ നിരാശരാണ്. നിരാശയ്ക്ക് കാരണം അവർക്കെതിരായ തുടർച്ചയായ ജനവിധിയാണ്. ചിലരുടെ മനോനില വ്യത്യസ്തമാണ്. ചിലർ കുടുംബത്തെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ താൻ രാജ്യത്തെയാണ് രക്ഷിക്കുന്നതെന്നും 140 കോടി ജനങ്ങളാണ് തന്റെ രക്ഷാകവചമെന്നും പ്രധാനമന്ത്രി പറഞ്ഞു.
യു.പി.എയുടെ 10 വർഷം ഭീകരവാദത്തിന്റേതായിരുന്നുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 2004 മുതൽ 2014 വരെ അഴിമതിയുടെ കാലമായിരുന്നു. രാജ്യം ഇപ്പോള്‍ നിർമാണ ഹബ്ബായി മാറി. നിരാശരായ ചിലർ രാജ്യം കൈവരിച്ച നേട്ടങ്ങളെ സ്വീകരിക്കാൻ തയ്യാറല്ല. സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണ്. വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളിൽ ഇന്ത്യ ചരിത്രം സൃഷ്ടിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചില നേതാക്കൾ രാഷ്ട്രപതിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു. കോൺഗ്രസ് നയപ്രഖ്യാപന പ്രസംഗത്തിൽ ചർച്ച ആഗ്രഹിക്കുന്നില്ല. നയസ്തംഭനത്തിൽ നിന്നും കുംഭകോണങ്ങളിൽ നിന്നും രാജ്യം മുക്തമാവുകയാണ്. മഹാമാരിക്കാലത്ത് ഇന്ത്യ അഭിമാനത്തോടെ നിലകൊണ്ടു. വെല്ലുവിളികളില്ലാതെ ജീവിതമില്ല. വെല്ലുവിളികൾ വന്നുകൊണ്ടിരിക്കും. ലോകമാകെ പ്രതിസന്ധിയിലാണ്. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇ.ഡിയാണ് പ്രതിപക്ഷത്തെ ഒന്നിപ്പിച്ചതെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
സുഹൃത്തായതുകൊണ്ടാണ് അദാനിക്കെതിരെ നരേന്ദ്ര മോദി അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു- “എന്‍റെ വാക്കുകള്‍ എന്തുകൊണ്ടു നീക്കി? എന്‍റെ ഒരു ചോദ്യത്തിനും പ്രധാനമന്ത്രി മറുപടി നൽകിയില്ല. ഞാൻ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളൊന്നും അദ്ദേഹത്തോട് ചോദിച്ചില്ല. അദാനിയുമായുള്ള ബന്ധത്തെ കുറിച്ചാണ് ചോദിച്ചത്. അദാനി സുഹൃത്ത് അല്ലായിരുന്നുവെങ്കില്‍ പ്രധാനമന്ത്രി അന്വേഷണം പ്രഖ്യാപിക്കുമായിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഒരിടത്ത് പോലും അദാനിക്കെതിരായ അന്വേഷണത്തെ കുറിച്ച് പരാമർശമില്ല. പ്രതിരോധ മേഖലയിലെ ഷെല്‍ കമ്പനികളെ കുറിച്ചും മൗനം പാലിക്കുകയാണ്”- രാഹുല്‍ ഗാന്ധി പറഞ്ഞു.
അദാനിയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് വ്യക്തമാണെന്നും രാഹുല്‍ പറഞ്ഞു. ഇത് ദേശീയ സുരക്ഷയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും പ്രശ്നമാണ്. അത് പരിശോധിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.