കൊല്ലം: ചിന്ത ജെറോം താമസിച്ചിരുന്ന തങ്കശേരിയിലെ ആഡംബര റിസോർട്ട് സിപിഎമ്മിന്റെ ബെനാമി സ്വത്തെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ. ഈ റിസോർട്ടിന്റെ ഉടമസ്ഥതയിൽ പാർട്ടിയിലെ ചില നേതാക്കൾക്കും പങ്കാളിത്തമുണ്ടെന്നും ഈ ബെനാമികൾ ആരെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
ഈ റിസോർട്ട് ആദ്യം മറ്റൊരു വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്നു. റിസോർട്ടിന് കോർപറേഷൻ അനുമതി നൽകിയിരുന്നില്ല. തീരദേശ പരിപാലന നിയമത്തിന്റെയും പുരാവസ്തു സംരക്ഷണ നിയമത്തിന്റെയും പേരു പറഞ്ഞാണ് അന്നു കോർപറേഷൻ അനുമതി നിഷേധിച്ചത്. പിന്നീടാണ് ഈ റിസോർട്ട് ഇപ്പോഴത്തെ ഉടമ വാങ്ങുന്നതും ഇന്നു കാണുന്ന റിസോർട്ട് നിർമിക്കുന്നതും. മന്ത്രിയായിരുന്ന എം.വി. ഗോവിന്ദൻ നേരിട്ടെത്തി നഗരസഭ അധികൃതരുമായി ചർച്ച നടത്തിയ ശേഷമാണ് റിസോർട്ടിന് അനുമതി നൽകിയത്. കോർപറേഷൻ അനുമതി നിഷേധിച്ച റിസോർട്ട് പണിയാൻ ഉന്നത നേതൃത്വം ഇടപെട്ടത് എന്തിനായിരുന്നുവെന്ന് സിപിഎം വ്യക്തമാക്കണം. ഇതിനെതിരെ ബിജെപി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകും.
സാക്ഷരത പ്രേരക് ബിജുമോന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി സംസ്ഥാന സർക്കാരാണ്. ചിന്ത ജെറോം ഒരു ദിവസം 8500 രൂപ വാടകയുള്ള റിസോർട്ടിൽ താമസിക്കുമ്പോൾ ബിജുമോനെപ്പോലെ രണ്ടായിരത്തോളം പേർക്ക് കഴിഞ്ഞ ആറുമാസമായി ശമ്പളം നൽകുന്നില്ലെന്നും ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ജനറൽ സെക്രട്ടറി ജയപ്രശാന്ത്, വൈസ് പ്രസിഡന്റ് ശശികല റാവു, സെക്രട്ടറി മന്ദിരം ശ്രീനാഥ് എന്നിവർ പറഞ്ഞു.