കോഴിക്കോട്: പി വി അന്‍വറിന്റെ ഉടമസ്ഥതയിലായിരുന്ന കോഴിക്കോട് കക്കാടംപൊയിലിലെ പി.വി.ആർ നേച്ചർ റിസോർട്ടിലേക്കുള്ള തടയണ പൊളിച്ച് തുടങ്ങി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ റിസോർട്ട് ഉടമകൾ തന്നെയാണ് തടയണ പൊളിക്കുന്നത്.
അനധികൃതമായി നിർമിച്ച തടയണ റിസോർട്ടുടമകള്‍ സ്വന്തം നിലയിൽ പൊളിച്ചുമാറ്റുകയോ ജില്ലാ കലക്ടർ പൊളിച്ചുമാറ്റി ചെലവ് ഈടാക്കുകയോ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് തടയണ പൊളിക്കാൻ തുടങ്ങിയത്. ഇന്ന് രാവിലെ മുതലാണ് ജെ.സി.ബിയുടെ സഹായത്തോടെ റിസോർട്ട് ഉടമകള്‍ തന്നെ തടയണ പൊളിച്ചു തുടങ്ങിയത്.
ഇരുവഴിഞ്ഞി പുഴയിലേക്കുള്ള നീരൊഴുക്ക് തടയുന്നതും ദുരന്തനിവാരണ ചട്ടങ്ങൾ പാലിക്കാത്തതുമാണ് തടയണയെന്നായിരുന്നു പരാതി. 2017ൽ പരിസ്ഥിതി പ്രവർത്തകർ പഞ്ചായത്തിൽ പരാതി നൽകിയത് മുതൽ തുടങ്ങിയ വ്യവഹാരം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിലൂടെയാണ് അവസാനമായത്.
പി.വി അന്‍വർ എംഎൽഎയുടെ ഉടമസ്ഥതയിലായിരുന്ന റിസോർട്ട് 2020ൽ കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വിൽക്കുകയായിരുന്നു. കക്കാടം പൊയിലിലെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്തിയാണ് റിസോർട്ടും നേച്ചർ പാർക്കും പി.വി അന്‍വർ തുടങ്ങിയത്. എന്നാൽ തടയണ സംബന്ധമായ നിയമക്കുരുക്ക് പദ്ധതിയെ അവതാളത്തിലാക്കുകയായിരുന്നു.