Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎയ്റോ ഇന്ത്യ 2023 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

എയ്റോ ഇന്ത്യ 2023 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോസ്‌പേസ്, ഡിഫൻസ് എക്‌സിബിഷനായ എയ്‌റോ ഇന്ത്യയുടെ (Aero India) 14-ാമത് പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്തു. യെലഹങ്കയിലെ എയർഫോഴ്‌സ് സ്‌റ്റേഷനിൽ വെച്ചായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. പരിപാടിയുടെ ഭാ​ഗമായി എയർ ഷോയും സംഘടിപ്പിച്ചു.

അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഷോയിൽ വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പ്രദർശനങ്ങളും ഉണ്ടാകും. ബഹിരാകാശ രംഗത്തെയും, പ്രതിരോധ രം​ഗത്തെയും വിവിധ കമ്പനികൾ മേളയുടെ ഭാ​ഗമാകും. ”ഒരു ബില്യൺ അവസരങ്ങളിലേക്കുള്ള റണ്‍വേ” (The Runway to a Billion Opportunities) എന്നാണ് എയ്‌റോ ഇന്ത്യ 2023 ന്റെ തീം.

ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി സ്മരണികാ സ്റ്റാമ്പുകളും (commemorative stamps) പ്രകാശനം ചെയ്തു. പ്രതിരോധ, ബഹിരാകാശ മേഖലകളിൽ ഇന്ത്യയുടെ സാധ്യതകളും കഴിവുകളും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മികച്ച വേദിയാണ് എയ്‌റോ ഇന്ത്യ ഷോ എന്ന് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

”ഇത് വെറുമൊരു ഷോ മാത്രമായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, രാജ്യം ഈ ധാരണയെ തിരുത്തിക്കുറിച്ചു. ഇന്ന് ഇത് ഒരു ഷോ മാത്രമല്ല, ഇന്ത്യയുടെ ശക്തി തെളിയിക്കുന്ന വേദി കൂടിയാണ്”, പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഇപ്പോൾ ഒരു വിപണി മാത്രമല്ല, പ്രതിരോധ രം​ഗത്തെ നിർണായ ശക്തിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ നമ്മുടെ വിജയങ്ങൾ ഇന്ത്യയുടെ നാളത്തെ സാധ്യതകൾക്ക് കരുത്തേകുന്നതാണ്. തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനം അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

98 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 809 കമ്പനികൾ എയ്‌റോ ഇന്ത്യ 2023-ൽ പങ്കെടുക്കുന്നുണ്ട്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന എയ്റോ ഷോയില്‍ 110 വിദേശ പ്രതിനിധിസംഘങ്ങളും പങ്കെടുക്കുന്നുണ്ട്.

കേന്ദ്രസർക്കാരിന്റെ ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്ന ആശയം അടിസ്ഥാനമാക്കിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. തദ്ദേശീയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കുകയും വിദേശ കമ്പനികളുമായി പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ ഇവന്റിന്റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments