കണ്ണൂർ : ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് സംരക്ഷണം ലഭിക്കാത്തതിനാൽ പുതിയ സംരംഭം ചിക്കമഗളൂരുവിലേക്കു മാറ്റാൻ ഒരുങ്ങി സംരംഭകൻ. സിഐടിയു ചുമട്ടുതൊഴിലാളികളുടെ ഭീഷണിയെത്തുടർന്നു പുതിയ സംരംഭം ചിക്കമഗളൂരുവിലേക്കു മാറ്റുകയാണ് എന്നു ശ്രീപോർക്കലി സ്റ്റീൽസ് ഉടമ ടി.വി.മോഹൻലാൽ പറഞ്ഞു.
കഴിഞ്ഞ ദിവസം സിഐടിയു തൊഴിലാളികൾ സഹോദരൻ ടി.വി.ബിജുലാലിനെ മർദിച്ചതിനെത്തുടർന്ന് ആണു തീരുമാനം. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പൊലീസിന്റെ ഭാഗത്തു നിന്നു സഹായം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മാതമംഗലത്ത് 2020ൽ ആരംഭിച്ച സ്ഥാപനത്തിലേക്ക് ഇതുവരെ ഒരു ലോഡ് ഇറക്കാൻ മാത്രമാണ് സിഐടിയു തൊഴിലാളികൾ അനുവദിച്ചത്. ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവു നേടിയിട്ടും സിഐടിയു അധികൃതർ ലോഡ് ഇറക്കാൻ അനുവദിക്കുന്നില്ല. രണ്ടര വർഷമായി 17600 രൂപ വീതം വാടക നൽകുകയാണെന്നും ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സ്ഥാപനം ഉടമ പറഞ്ഞു.
ഹൈക്കോടതി ഉത്തരവു പ്രകാരം ശ്രീപോർക്കലിയിൽ 2 അറ്റാച്ച്ഡ് കാർഡുള്ള തൊഴിലാളികളുണ്ട്. എന്നാൽ, ഇവരെക്കൊണ്ട് കയറ്റിറക്കു തൊഴിൽ ചെയ്യിക്കില്ല എന്ന നിലപാടിലാണ് സിഐടിയു. ശ്രീപോർക്കലിയിലേക്ക് എത്തുന്ന എല്ലാ ലോഡുകളും പിലാത്തറയിൽ വച്ചു ചുമട്ടുതൊഴിലാളികൾ തടയുന്നതായും മോഹൻലാൽ ആരോപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ 7 സംരംഭങ്ങളുണ്ട്.