മാരാമൺ: കേരളം ഇന്നത്തെ അവസ്ഥയിൽനിന്ന് ഏറെ മാറിയെങ്കിൽ മാത്രമേ യുവതലമുറ ഇവിടെ നിലനിൽക്കൂവെന്ന് ശശി തരൂർ എംപി. മാരാമൺ കൺവൻഷനിൽ യുവവേദി യോഗത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ തന്നെ ഇപ്പോൾ യുവാക്കളുടെ എണ്ണം ദേശീയ ശരാശരിയേക്കൾ വളരെക്കുറവാണ്. കേരളത്തിൽ നിന്നും 2016 മുതൽ രാജ്യം വിടുന്ന യുവാക്കളുടെയും വിദ്യാർഥികളുടെയും എണ്ണം കൂടിവരികയാണ്. ശരാശരി അരലക്ഷം ആളുകൾ ഓരോവർഷവും രാജ്യത്തിനു പുറത്തേക്ക് വിദ്യാഭ്യാസ ആവശ്യത്തിനും തൊഴിൽതേടിയും പോകുന്നുവെന്നതാണ് കണക്ക്. ഇത് നമ്മുടെ സംസ്ഥാനത്തെ ഏറെ ക്ഷീണിപ്പിക്കുന്നുവെന്ന് ശശി തരൂർ പറഞ്ഞു.
ഇത്തരത്തിലുള്ള ഒഴുക്കിനു പ്രധാന കാരണം കേരളത്തിലെ തൊഴിലില്ലായ്മയാണ്. സാങ്കേതിക മികവുള്ളവരും പ്രഫഷണൽ ബിരുദമുള്ളവരും അടക്കമുള്ള നിരവധി യുവാക്കളാണ് ഓരോവർഷവും കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ തൊഴിൽ രഹിതരായി രജിസ്റ്റർ ചെയ്യുന്നത്. ഇവിടെ അവസരങ്ങൾ കുറയുന്നതോടെ മികവും ബുദ്ധിശേഷിയുമുള്ള നമ്മുടെ കുട്ടികൾ നാടുവിടുകയാണെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി.