ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി നീട്ടി. ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും നാല് ദിവസം എങ്കിലും കസ്റ്റഡി നീട്ടണമെന്നുമായിരുന്നു ഇ.ഡിയുടെ ആവശ്യം. ഇത് പരിഗണിച്ചാണ് 24 വരെ കസ്റ്റഡി നീട്ടിയത്. അന്വേഷണത്തിൽ നിന്നും ശിവശങ്കറിന് വ്യക്തമയ പങ്ക് ഉണ്ടെന്ന് മനിസിലായതായി ഇ.ഡി വ്യക്തമാക്കുന്നു. ( Life Mission case, M. Sivasankar’s custody extended ).
ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെന്ന് ശിവശങ്കർ അറിയിച്ചു. ശിവശങ്കറിന്റെ പങ്കാളിത്തം വിചാരിച്ചതിൽ കൂടുതൽ വ്യാപ്തി ഉള്ളതാണെന്നും ചോദ്യം ചെയ്യലിൽ പരാതി ഉണ്ടോ എന്നുള്ള ചോദ്യത്തിന് ഇല്ല എന്ന് ശിവശങ്കർ മറുപടി നൽകിയെന്നും ഇ.ഡി അറിയിച്ചു. എല്ലാ മെഡിക്കൽ പരിശോധനയും നടത്തിയിട്ടുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
കോഴക്കേസിൽ ശിവശങ്കറിന്റെ പങ്കിന് തെളിവ് ലഭിച്ചെന്നാണ് ഇ ഡിയുടെ അവകാശവാദം. സ്വപ്‌ന സുരേഷിന്റെ ലോക്കറിൽ നിന്നും ഒരു കോടി രൂപയോളം വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇത് ലൈഫ് മിഷൻ ഇടപാടിൽ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നാണ് ഇ ഡിയുടെ നിഗമനം.