തിരുവനന്തപുരം: സൈബര്‍ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി കേരള പൊലീസ് നടത്തിയ സംസ്ഥാന വ്യാപകപരിശോധനയില്‍ 12 പേര്‍ അറസ്റ്റിലായി. ഓപ്പറേഷൻ പി-ഹണ്ട് 23.1ന്‍റെ ഭാഗമായി നടത്തിയ റെയ്ഡിൽ 142 കേസുകൾ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്ത് 858 കേന്ദ്രങ്ങളിലായാണ് പരിശോധന നടത്തിയത്. അറസ്റ്റിലായവരില്‍ പലരും ഐ.ടി മേഖലയില്‍ ഉള്‍പ്പടെ ഉയര്‍ന്ന ജോലി നോക്കുന്ന ചെറുപ്പക്കാരാണ്.
ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്. മൊബൈൽ ഫോണുകൾ, ഹാര്‍ഡ് ഡിസ്ക്കുകൾ, ലാപ്ടോപ്പുകൾ, മെമ്മറി കാര്‍ഡുകൾ ഉൾപ്പെടെയുള്ള 270 ഉപകരണങ്ങൾ റെയ്ഡിൽ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഉള്ള ഉപകരണങ്ങളാണിവ. അഞ്ച് വയസ്സിനും പതിനഞ്ച് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പങ്കുവയ്ക്കാനുള്ള നിരവധി ടെലിഗ്രാം, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും റെയ്ഡിൽ കണ്ടെത്തി.