കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് തിരിച്ചടി. ശിവശങ്കറിന്റെ ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയതിനാൽ ജാമ്യം നൽകരുത് എന്ന ഇഡി വാദം കോടതി അംഗീകരിച്ചു.
ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വാധീനമുള്ള ശിവശങ്കറിന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമായിരുന്നു ഇഡി വാദം. എന്നാൽ തനിക്കെതിരേയുള്ളത്, മൊഴികൾ മാത്രമാണെന്നും പ്രതി ചേർത്ത നടപടി തെറ്റാണെന്നുമാണ് ശിവശങ്കർ വാദിച്ചു.
നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ് ശിവശങ്കർ റിമാൻഡിൽ കഴിയുന്നത്. ഇനിയും പല പ്രമുഖരെയും ചോദ്യം ചെയ്യാനുണ്ടെന്നും ഈ സാഹചര്യത്തിൽ ശിവശങ്കറിന് ജാമ്യം അനുവദിച്ചാൽ അത് തെളിവു നശിപ്പിക്കാൻ ഇടയാക്കുമെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്.