Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews"നോർക്കയുടെ മറവിൽ സർക്കാർ ഭൂമി വിറ്റുതുലക്കാനാണ് ശ്രമം": വഴിയോര വിശ്രമകേന്ദ്രം പദ്ധതിക്കെതിരെ ചെന്നിത്തല

“നോർക്കയുടെ മറവിൽ സർക്കാർ ഭൂമി വിറ്റുതുലക്കാനാണ് ശ്രമം”: വഴിയോര വിശ്രമകേന്ദ്രം പദ്ധതിക്കെതിരെ ചെന്നിത്തല

തിരുവനന്തപുരം: സർക്കാരിന്റെ വഴിയോര വിശ്രമകേന്ദ്രം പദ്ധതിക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വകാര്യ വ്യക്തികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ വേണ്ടിയാണ് പദ്ധതിയെന്ന് ചെന്നിത്തല ആരോപിച്ചു. നോർക്ക റൂട്ട്സിന്റെ കീഴിൽ ഒരു കമ്പനി രൂപീകരിച്ചാണ് സർക്കാർ ഭൂമി വിറ്റുതുലയ്ക്കാനുള്ള വിചിത്രമായ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. നോർകയെ മറയാക്കിയാണ് അഴിമതി പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്നും ചെന്നിത്തല പറഞ്ഞു. 

“കമ്പനി എംഡിയുടെ നേതൃത്വത്തിൽ വിദേശ സന്ദർശനം നടത്തിയത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണം. സ്‍മാർട്ട് സിറ്റി വിവാദങ്ങളുമായി ബന്ധപ്പെട്ട് പുറത്തായ ഒരു വ്യക്തിയാണ് ഈ കമ്പനിയുടെ എംഡിയായി നിയമിക്കപ്പെട്ടതെന്നും വ്യക്തമായിട്ടുണ്ട്. ഇയാൾ എങ്ങനെ സർക്കാർ കമ്പനിയുടെ എംഡിയായി എന്നും ഗവൺമെന്റ് വ്യക്തമാക്കേണ്ടതുണ്ട്”; ചെന്നിത്തല ആവശ്യപ്പെട്ടു.

നിയമവകുപ്പും റവന്യൂ വകുപ്പും ഒരുപോലെ എതിർത്ത പദ്ധതിയാണിത്. ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. താൻ പ്രതിപക്ഷ നേതാവായിരിക്കെ ചൂണ്ടിക്കാട്ടിയ പ്രധാന അഴിമതിയായിരുന്നു ഇത്. അതീവ രഹസ്യമായിട്ടാണ് ഇപ്പോൾ ഉത്തരവ് ഇറങ്ങിയിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

“നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും ഭൂമി വെറുതെ കിടക്കുന്നുണ്ട്. സംസ്ഥാനപാതയോട് ചേർന്ന് കിടക്കുന്ന കെട്ടിടങ്ങൾ ഇടിച്ചുതകർത്താണ് പദ്ധതിക്കായി സ്ഥലം നൽകാൻ സർക്കാർ ഒരുങ്ങുന്നത്. സർക്കാർ പങ്കാളിത്തമുള്ള സ്വകാര്യ കമ്പനിയാണെന്നാണ് വാദം. ഈ കമ്പനികളോ വ്യക്തികളോ ഭൂമി ബാങ്കിൽ പണയം വെച്ച് വൻ തോതിൽ വായ്‌പയെടുക്കുമെന്ന കാര്യം ഉറപ്പാണ്. ഈ വായ്‌പ തിരിച്ചടച്ചില്ലെങ്കിൽ ഭൂമി ബാങ്കുകൾ ജപ്‌തി ചെയ്യുകയും ചെയ്യും”; ചെന്നിത്തല കൂട്ടിച്ചേർത്തു. 

വിദേശമലയാളികളെ ചേർത്ത് നോർക്ക റൂട്സിന്റെ കീഴിൽ രൂപീകരിച്ച ഓകിൽ എന്ന കമ്പനിക്കാണ് വഴിയോര വിശ്രമകേന്ദ്രങ്ങൾ തുടങ്ങാൻ ഭൂമി കൈമാറാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സർക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം തന്നെ വിട്ടുകളഞ്ഞുകൊണ്ടുള്ള നീക്കമാണിതെന്ന് ആദ്യം തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു.

ദേശീയ, സംസ്ഥാന പാതകളോടു ചേർന്ന് 5 ഏക്കർ ഭൂമി കൈമാറാനാണ് തീരുമാനം. ഇതുസംബന്ധിച്ച് കിഫ്ബിയുമായി ഓകിൽ കരാറിലായിട്ടുണ്ട്. 30 കേന്ദ്രങ്ങളിലാണ് വഴിയോര വിശ്രമകേന്ദ്രങ്ങൾ തുടങ്ങുക. 1000 കോടിയുടെ പദ്ധതിയാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments