ന്യൂഡൽഹി• ഓസ്കറിൽ ഇന്ത്യ ഇരട്ടനേട്ടം നേടിയതിനു പിന്നാലെ, ‘ദയവായി അതിന്റെ ക്രെഡിറ്റ് എടുക്കരുത്’ എന്ന് ബിജെപിയോട് കോൺഗ്രസ് ദേശീയ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെ. ഓസ്‌കറിൽ ഇന്ത്യയുടെ നേട്ടത്തെക്കുറിച്ച് രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയികളെ അഭിനന്ദിച്ച അദ്ദേഹം ഇത് ഇന്ത്യയ്ക്ക് അഭിമാനകരമാണെന്ന് പറഞ്ഞു. വിജയികളുടെ ദക്ഷിണേന്ത്യൻ ബന്ധവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പിന്നാലെയാണ് അതിന്റെ ക്രെഡിറ്റ് എടുക്കരുതെന്ന് അദ്ദേഹം ഭരണകക്ഷിയോട് ആവശ്യപ്പെട്ടത്.
‘‘ഞങ്ങൾ വളരെ അഭിമാനിക്കുന്നു. പക്ഷേ എന്റെ ഒരേയൊരു അഭ്യർഥന ഭരണകക്ഷി അതിന്റെ ക്രെഡിറ്റ് എടുക്കരുതെന്നാണ്. ഞങ്ങൾ സംവിധാനം ചെയ്തു, ഞങ്ങൾ പാട്ടെഴുതി, സിനിമ മോദിജി സംവിധാനം ചെയ്തു എന്നൊന്നും പറയരുത്. അതാണ് എന്റെ ഒരേയൊരു അഭ്യർഥന’’– അദ്ദേഹം പറഞ്ഞു. ഖർഗെയുടെ പരാമർശം പ്രതിപക്ഷത്തു മാത്രമല്ല, ഭരണപക്ഷത്തും ചിരിപടർത്തി. രാജ്യസഭാ ചെയർമാനും ഉപാധ്യക്ഷനുമായ ജഗ്ദീപ് ധൻഖറും ചിരിച്ചു.
‘ആർആർആർ’ സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഒറിജിനൽ സോങ് വിഭാഗത്തിലും ‘ദി എലിഫന്റ് വിസ്‌പറേഴ്‌സ്’ മികച്ച ഡോക്യുമെന്ററി (ഹ്രസ്വ വിഷയം) വിഭാഗത്തിലും ഓസ്കർ പുരസ്കാരം നേടിയിരുന്നു. വിജയികളെ ഇന്നലെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, അവർ രാജ്യത്തിന് അഭിമാനം നൽകിയെന്ന് പറഞ്ഞു.