ന്യൂഡല്‍ഹി: സമാധാന നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നവരിൽ മുൻനിരയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് നൊബേല്‍ കമ്മിറ്റി ഡെപ്യൂട്ടി അധ്യക്ഷന്‍ അസ്ലേ തോജേ. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന നേതാവാണ് മോദിയെന്നും സമാധാനം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും തോജെ പറഞ്ഞു. എപിബി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തോജെയുടെ പരാമര്‍ശം.
സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിവുള്ള ലോക നേതാവാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെന്ന രാജ്യത്തെ കൂടുതല്‍ ശക്തമാക്കിയ ഭരണപരിഷ്‌കാരങ്ങള്‍ക്കാണ് മോദി തുടക്കമിട്ടതെന്നും തോജെ പറഞ്ഞു.
ഇന്ത്യയെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും തോജെ പറഞ്ഞു. ഒരു സൂപ്പര്‍പവറായി മാറാന്‍ കഴിവുള്ള രാജ്യം കൂടിയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തിലെ ഇന്ത്യയുടെ ഇടപെടലിനെപ്പറ്റിയും തോജെ പറഞ്ഞു.
”ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയ ഇന്ത്യയുടെ ഇടപെടല്‍ അഭിനന്ദനീയമാണ്. ഉച്ചത്തിലല്ല ഇന്ത്യ സംസാരിച്ചത്. ആരെയും ഭീഷണിപ്പെടുത്തിയുമില്ല. നിലപാട് വളരെ സൗഹാര്‍ദ്ദപരമായി അവതരിപ്പിക്കുകയായിരുന്നു. അതുപോലെയുള്ള ഇടപെടലാണ് ഇനിയും വേണ്ടത്,’ തോജെ പറഞ്ഞു.
നരേന്ദ്ര മോദിയുടെ വലിയൊരു ആരാധകനാണ് താനെന്നും തോജെ പറഞ്ഞു. മോദി വിശ്വസ്തനായ നേതാവാണെന്നും പരസ്പരം പോരടിക്കുന്ന രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ഇല്ലാതാക്കി സമാധാനം കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരസ്‌കാരം മോദിക്കു ലഭിക്കുകയാണെങ്കില്‍ അതു അര്‍ഹതയുള്ള നേതാവിനു ലഭിക്കുന്ന ചരിത്ര നിമിഷമാണെന്നും തോജെ പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തുക എന്നത് മാത്രം ലക്ഷ്യം വെയ്ക്കുന്ന നേതാവല്ല നരേന്ദ്രമോദിയെന്നും ലോകത്തെ എല്ലാ രാജ്യങ്ങളുടെയും വികസനത്തിനും അദ്ദേഹം പ്രാധാന്യം നല്‍കുന്നുവെന്നും തോജെ പറഞ്ഞു.
നോര്‍വെ സ്വദേശിയായ അസ്ലേ തോജെ ഒരു പൊളിറ്റിക്കല്‍ സയന്റിസ്റ്റും വിദേശനയ വിദഗ്ധനും ആണ്. ഹാര്‍വാഡ്ഡ് സര്‍വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറായ അദ്ദേഹം നോര്‍വീജിയന്‍ അക്കാദമി ഓഫ് സയന്‍സ് ആന്റ് ലെറ്റേഴ്ശിലെ അംഗം കൂടിയാണ്. കൂടാതെ സമാധാന നൊബേല്‍ പുരസ്‌കാര കമ്മിറ്റിയിലെ ഉപാധ്യക്ഷന്‍ കൂടിയാണ് തോജെ. 2020ല്‍ ഇന്ത്യയില്‍ വെച്ച് നടന്ന റെയ്‌സിന ഡയലോഗ്‌സിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.
അതേസമയം 2018ല്‍ വിഖ്യാതമായ സിയോള്‍ സമാധാന പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക് ലഭിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിലെ സഹകരണത്തിനും വളര്‍ച്ചയ്ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചായിരുന്നു സിയോള്‍ പുരസ്‌കാരം ലഭിച്ചത്. സിയോള്‍ സമാധാന പുരസ്‌കാരം ലഭിച്ച പലര്‍ക്കും പിന്നീട് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോദിയുടെ പേരും ചര്‍ച്ചയാകുന്നത്.