പാലക്കാട് : കല്ലേപ്പുള്ളിയിലെ മിൽമ ഡയറിയിൽ അമോണിയം ചോർന്നതായി സംശയം. വാതകം ശ്വസിച്ചതിനെത്തുടർന്ന് അസ്വസ്ഥതകളുണ്ടായെന്ന് സംശയിക്കുന്ന അഞ്ചുകുട്ടികളും സ്ത്രീകളുമുൾപ്പെടെ ഒൻപതുപേർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. പ്ലാന്റിനു പിറകിലുള്ള ഡയറി ശീതീകരണ അറ്റമോസ്ഫിയറിക് കണ്ടൻസറിന്റെ കേടുവന്ന പൈപ്പുകൾ മാറ്റുന്നതിനിടെയാണ് വാതകം ചോർന്നതെന്ന് നാട്ടുകാർ പറയുന്നു. വാതകം വ്യാപിച്ചതോടെ സ്ഥലത്ത് ദുർഗന്ധം രൂക്ഷമായി. ഇതിനുപിന്നാലെ കുട്ടികൾക്കടക്കം ശ്വസംമുട്ടൽ ഛർദി, തലകറക്കം, കണ്ണിനുപുകച്ചിൽ എന്നിവ അനുഭവപ്പെട്ടെന്നും നാട്ടുകാർ പറഞ്ഞു.
വൈകിട്ടോടെ നാട്ടുകാർ പ്ലാന്റിലേക്ക് പ്രതിഷേധവുമായെത്തി. പാലക്കാട് ടൗൺ നോർത്ത് പോലീസും സ്ഥലത്തെത്തിയിരുന്നു. ഡയറിയിലേക്കുവരുന്ന വാഹനങ്ങളടക്കം നാട്ടുകാർ തടഞ്ഞു. ഇത് ചോദ്യംചെയ്തതോടെയാണ് പോലീസുമായി ഉന്തുംതള്ളുമുണ്ടായത്. വാതകച്ചോർച്ച പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നും അധികൃതർക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് രാത്രി 11 മണിവരെയും നാട്ടുകാർ പ്രതിഷേധം തുടർന്നു. നേരത്തെയും സമാനമായി വാതകം ചോർന്നിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.
തുടർന്ന് ജനപ്രതിനിധികളടക്കം സ്ഥലത്തെത്തി ഡയറി അധികൃതരുമായി ചർച്ചചെയ്ത് അറ്റകുറ്റപ്പണികൾ താത്കാലികമായി നിർത്തിവെപ്പിച്ചു.