പത്തനംതിട്ട : പത്തനംതിട്ടയിൽ കോൺഗ്രസ് ഹാത്ത് സെ ഹാത്ത് യാത്രയ്ക്ക് നേരെ മുട്ടയേറ് നടത്തിയ ഡിസിസി ജനറൽ സെക്രട്ടറി എം സി ഷെരീഫിനെതിരെ അച്ചടക്ക നടപടി. ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. നേരത്തെയുണ്ടായിരുന്ന എല്ലാ ചുമതലകളിൽ നിന്നും നീക്കി. ഡിസിസി ജനറൽ സെക്രട്ടറിയുടേത് അച്ചടക്കലംഘനമാണെന്നാണ് പാർട്ടി വിലയിരുത്തൽ. ഗുരുതര തെറ്റ് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു.
ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി എം എം നസീറിന്റയും എഐസിസി സെക്രട്ടറി വിശ്വനാഥൻ പെരുമാളിന്റെയും സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം എം സി ഷെരീഫ് ആക്രമണം അഴിച്ചു വിട്ടത്. മുട്ടയേറിനൊപ്പം കല്ലേറുമുണ്ടായി. ചില പ്രവർത്തകർക്ക് കല്ലേറിൽ പരിക്കേറ്റു. വിഭാഗീയതയുടെ പേരിലുണ്ടായ തർക്കത്തിന്റെ ഭാഗമായായിരുന്നു ആക്രമണം അരങ്ങേറിയത്.