കൊല്ലം : സംസ്ഥാനത്ത് കേരള ബ്രാൻഡ് ചിക്കൻ പുറത്തിറക്കാൻ പിണറായി സർക്കാർ . ഇതരസംസ്ഥാന ലോബികൾ ഇറച്ചിക്കോഴി വിപണനം കൈയടക്കിവെച്ചിരിക്കുകയാണ് . അതിൽ നിന്ന് വിപണനരംഗത്ത് മാറ്റങ്ങൾ വരുത്താൻ ആയിരത്തോളം ഇറച്ചിക്കോഴി ഫാമുകൾ കേരളത്തിൽ സ്ഥാപിച്ച് കേരള ബ്രാൻഡിൽ കോഴിയിറച്ചി പൊതുവിപണിയിലെത്തിക്കുമെന്നാണ് മന്ത്രി ജെ.ചിഞ്ചുറാണി പ്രസ്താവിച്ചത്.
ജില്ലാതല കർഷക അവാർഡുകൾ വിതരണംചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കോഴിയിറച്ചിയുടെ വില തോന്നുംപോലെയാണ് ഈടാക്കുന്നത്. കോയമ്പത്തൂരും നാമക്കലും പല്ലടത്തുമൊക്കെയുള്ള കുത്തകകളാണ് കേരളത്തിലെ ഇറച്ചിവില തീരുമാനിക്കുന്നതെന്ന സ്ഥിതിക്കു മാറ്റംവരണം.
ഇറച്ചിസംസ്കരണ പ്ലാന്റുകൾ, അവശിഷ്ടങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കുന്ന യൂണിറ്റുകൾ, ബ്രോയിലർ ബ്രീഡിങ് ഫാമുകൾ, കുടുംബശ്രീയുടെ വിപണനകേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ കേരള ബ്രാൻഡിൽ ചിക്കൻ പുറത്തിറക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.