കൊല്ലം : പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ ജില്ലാ കൗൺസിൽ യോഗം. രാജാവിനെപ്പോലെ മുഖ്യമന്ത്രി നടത്തുന്ന യാത്രകൾക്കൊപ്പമുള്ളത് അകമ്പടി വാഹനങ്ങളല്ല, അഹങ്കാര വാഹനങ്ങളാണെന്നാണ് കൗൺസിൽ യോഗത്തിൽ ഉയർന്ന വിമർശനം. ധൂർത്തും പിൻവാതിൽ നിയനമനവുമാണ് ഈ സർക്കാരിന്റെ മുഖമുദ്രയെന്നും ആരോഗ്യ, വിദ്യാഭ്യാസ, ഫിഷറീസ് മേഖലകളിൽ പിൻവാതിൽ നിയമനം വ്യാപകമായി നടക്കുന്നുണ്ടെന്നും യോഗത്തിൽ വിമർശിച്ചു.
രണ്ടാം പിണറായി സർക്കാർ പുതുതായി ഒന്നും ചെയ്തിട്ടില്ല. ഖജനാവിൽ നിന്നും പണം ഉപയോഗിച്ച് ധൂർത്താണ് നടത്തുന്നത്. ഇതിനൊപ്പമാണ് യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോമിന് ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം അനുവദിച്ച് നൽകിയിരിക്കുന്നത്. കൊല്ലത്തെ കശുവണ്ടി തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിട്ട സർക്കാരാണ് ഇപ്പോൾ ഭരണത്തിലിരിക്കുന്നതെന്നും സിപിഐ ജില്ലാ കൗൺസിൽ യോഗത്തിൽ പറഞ്ഞു.
സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെആർ ചന്ദ്രമോഹനൻ, മന്ത്രി ജെ ചിഞ്ചുറാണി, ആർ രാജേന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ രാജു, ആർ ലതാദേവി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.