ഐതിഹാസിക കർഷക സമരത്തിന്റ രണ്ടാം ഘട്ടം പ്രഖ്യാപിച്ച്, കിസാൻ മഹാപഞ്ചായത്ത് ഡൽഹി രാംലീല മൈതാനത്ത് ചേർന്നു.മിനിമം താങ്ങു വിലക്ക് നിയമ പരിരക്ഷ അടക്കം 10 ഇന ആവശ്യങ്ങൾ മുന്നോട്ട് വച്ചാണ് കർഷകർ പുതിയ സമരമുഖം തുറന്നത്. ആവശ്യങ്ങൾ സർക്കാർ എത്രയും വേഗം അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംസ്ഥാനങ്ങളിലേക്ക് ശക്തിപ്പെടുത്തുമെന്ന് സംയുക്ത കിസാൻ സഭ നേതാക്കൾ വ്യക്തമാക്കി.(Farmers organizations protest against central government)
മോദി സർക്കാരിനെതിരായുള്ള രണ്ടാഘട്ട കർഷക പോരാട്ടത്തിനാണ് ഡൽഹി രാംലീല മൈതാനിൽ തുടക്കമായത്. ഡൽഹിഅതിർത്തികളിലെ സമരം അവസാനിപ്പിക്കുമ്പോൾ സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് കർഷകർ രണ്ടാംഘട്ട സമരത്തിന് ഇറങ്ങുന്നത്.
ആവശ്യങ്ങൾ എത്രയും വേഗം അംഗീകരിച്ചില്ലെങ്കിൽ, കേന്ദ്രസർക്കാരിനേതിരായ പ്രക്ഷോഭം എല്ലാ സംസ്ഥാന ങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു.
കോർപ്പറേറ്റുകളെ തുരത്തു, മോദി സർക്കാരിനെ താഴെ ഇറക്കൂ എന്ന മുദ്രാവാക്യമുയർത്തിയാണ് കർഷക മഹാപഞ്ചായത്ത്.വിവിധ സംസ്ഥാങ്ങളിൽ നിന്നായി ഒരു ലക്ഷത്തോളം കർഷകർ മഹാപഞ്ചായത്തിൽ പങ്കെടുത്തു. മഹാപാഞ്ചായത്തിനോട് അനുബന്ധിച്ച് ഡൽഹി അതിർത്തികളിൽ ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയത്.