കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ മേയറെ ബഹിഷ്കരിച്ച് പ്രതിപക്ഷ ബഹളം. മേയർ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ നടുത്തളത്തിലിറങ്ങി.ബഹളത്തിനിടെ അജണ്ടകളെല്ലാം പാസാക്കി മേയർ എം അനിൽ കുമാർ കൗൺസിൽ യോഗം പിരിച്ചുവിട്ടു.
കൗൺസിൽ യോഗം തുടങ്ങിയപ്പോഴേ മേയർ എം അനിൽകുമാറിനെതിരെ യുഡിഎഫ് പ്രതിഷേധം തുടങ്ങി. ബ്രഹ്മപുരം തീ പിടുത്തത്തിന് ഉത്തരവാദിയായ മേയർ രാജിവെയ്ക്കാതെ പ്രശ്നം തീരില്ലെന്ന് പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തറ പ്രതികരിച്ചു. ബഹളം തുടരുന്നതിനിടെ അജണ്ടകളെല്ലാം വായിക്കാതെ തന്നെ കൗൺസിൽ യോഗം അവസാനിപ്പിച്ചു. മേയർ രാജിവെയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
സോൺട ഉപകരാർ നൽകിയത് അറിയില്ലെന്നും അവരെ ഒഴിവാക്കേണ്ടത് കെ എസ് ഐ സി സിയാണെന്നും മേയർ എം അനിൽ കുമാർ പറഞ്ഞു. അതിനിടെ കൊച്ചി കോർപ്പറേഷൻ ഓഫീസ് മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ചെന്ന നഗരസഭ സെക്രട്ടറിയുടെ പരാതിയിൽ കോൺഗ്രസ് കൗൺസിലേഴ്സിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.