രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ ഹൗസിംഗ് കമ്മിറ്റി നോട്ടീസ് നൽകി. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെത്തുടര്‍ന്നാണ് ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 2004 മുതൽ രാഹുൽ ഗാന്ധി താമസിച്ചുവരുന്ന വസതിയായ തുഗ്ളക് ലൈൻ 12ാം നമ്പർ വസതി ഒഴിയാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
അതേസമയം, സിപിഐഎമ്മിന്റെ പിന്തുണ രാഹുൽ ഗാന്ധിക്കല്ലെന്നും അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടിക്ക് എതിരെയാണ് തങ്ങൾ സംസാരിക്കുന്നതെന്നും വ്യക്തമാക്കി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. കേന്ദ്ര സർക്കാരിന് വിമർശനങ്ങളോടുള്ള അസഹിഷ്ണുതയുടെ തെളിവാണ് രാഹുൽ ഗാന്ധിക്കെതിരായ നടപടി. സർക്കാരിന് പല വിഷയങ്ങളിലും പലതും ഒളിക്കാനുണ്ട്. ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം, ഭരണ പക്ഷം തന്നെ പാർലമെന്റ് തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘപരിവാറിനും എതിരെ പ്രതിഷേധിക്കുമ്പോൾ കേരള പൊലീസിന് ഇത്രയും ഹാലിളകുന്നത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. സംസ്ഥാന ഭരണ നേതൃത്വത്തിന്റെ അറിവോടെയാണ് പ്രതിഷേധിക്കുന്നവരെ ആക്രമിക്കാൻ പൊലീസ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രതിഷേധങ്ങളെ അടിച്ചൊതുക്കി മോദിയെയും ബി.ജെ.പിയെയും സന്തോഷിപ്പിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയൻ ശ്രമിക്കുന്നത്.
മോദി സർക്കാർ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കണ്ണൂർ ഡി.സി.സി ഇന്ന് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജും സജീവ് ജോസഫ് എം.എൽ.എയും ഉൾപ്പെടെയുള്ളവരെ പൊലീസ് കൈയ്യേറ്റം ചെയ്തു. അതിനെതിരെ പ്രതിഷേധിച്ച പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസുകാരുടെ തലയടിച്ച് പൊളിച്ചതും പിണറായിയുടെ പൊലീസാണെന്ന് സതീശൻ ആഞ്ഞടിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും രാഹുൽ ഗാന്ധിയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുമ്പോഴും ബി.ജെ.പി- സംഘപരിവാർ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തെ ക്രൂരമായാണ് അടിച്ചൊതുക്കുന്നത്. മോദിക്കും സംഘപരിവാറിനും എതിരായ ഒരു പ്രതിഷേധവും കേരളത്തിൽ അനുവദിക്കില്ലെന്ന നിലപാട് മുഖ്യമന്ത്രിയും എൽ.ഡി.എഫ് സർക്കാരും സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്നും സതീശൻ ചോദിച്ചു.