റോം: സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് ചാറ്റ് ജിപിടിക്ക് നിരോധനം ഏർപ്പെടുത്തി ഇറ്റലി. സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ത്തി ഇറ്റലിയിലെ വിവര സംരക്ഷണ അതോറിറ്റിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐയെ സംബന്ധിച്ച് ഉടനടി അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
2022 നവംബറിനാണ് ചാറ്റ് ജിപിടിക്ക് തുടക്കമായത്. നിരവധിപേരാണ് ഇത് ഉപയോഗിച്ച് വന്നിരുന്നത്. മനുഷ്യനെ പോലെ എഴുതാനും വായിക്കാനും സാധിക്കുന്ന നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണ് ചാറ്റ് ജിപിടി. ജനറേറ്റീവ് പ്രീ ട്രെയ്ന്‍ഡ് ട്രാന്‍സ്ഫോര്‍മര്‍ എന്നാണ് ജിപിടി അര്‍ത്ഥമാക്കുന്നത്.മൈക്രോസോഫ്റ്റിന് പ്രധാന നിക്ഷേപമുള്ള ഓപ്പണ്‍ എഐ എന്ന യുഎസ് കമ്പനിയാണ് ഇതിന്റെ നിർമിതാക്കൾ.
സമീപകാലത്തായി വലിയ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഈ സംവിധാനം. ചാറ്റ് ജിപിടിയെ പോലുള്ള നിര്‍മിത ബുദ്ധികളുടെ വരവ് മനുഷ്യരുടെ ജോലി നഷ്ടപ്പെടുത്തുമെന്ന് ആശങ്കയുണ്ട്. വലിയ വായനാശീലമുള്ള ഒരു ബുദ്ധിജീവിയെ പോലെയാണ് ചാറ്റ് ജിപിടി. ആര് എന്ത് സംശയം ചോദിച്ചാലും എന്തിനെ കുറിച്ച് അഭിപ്രായം ചോദിച്ചാലും അതേ കുറിച്ച് എന്തെങ്കിലുമൊക്കെ പറയാന്‍ അതിനറിയാം.
ചൈന, ഇറാന്‍, ഉത്തര കൊറിയ, റഷ്യ എന്നിവടങ്ങളില്‍ ഇതിനകം ചാറ്റ് ജിപിടിയ്‌ക്ക് വിലക്കുണ്ട്. വരും ദിവസങ്ങളില്‍ ചാറ്റ് ജിപിടിയുടെ സ്വകാര്യത ചോദ്യം ചെയ്തുകൊണ്ട് കൂടുതല്‍ ചര്‍ച്ചകള്‍ ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റ് പ്ലാറ്റ്‌ഫോമുകളിലേത് പോലെ തന്നെ അല്‍ഗൊരിതത്തെ പരിശീലിപ്പിക്കുന്നതിനായി വലിയ രീതിയില്‍ വിവരശേഖരണം നടത്തുന്നതിന് ചാറ്റ് ജിപിടിയ്‌ക്ക് വിലക്ക് വന്നേക്കും.