പട്യാല: നരഹത്യാക്കേസിൽ പത്തു മാസത്തെ ജയില്‍ വാസത്തിനുശേഷം പുറത്തിറങ്ങിയ ഉടൻ രാഹുൽ ഗാന്ധിയെ പുകഴ്‌ത്തി നവജ്യോത് സിംഗ് സിദ്ദു. 1988-ല്‍ ഗുര്‍ണാം സിംഗ് എന്ന വ്യക്തി കൊല്ലപ്പെട്ട കേസിലാണ് പഞ്ചാബ് കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ സിദ്ദു ജയിലിലായത്. ഒരു വര്‍ഷം കഠിന തടവിനാണ് കോൺഗ്രസ് നേതാവ് ശിക്ഷിക്കപ്പെട്ടത്. ശിക്ഷാകാലാവധി പൂര്‍ത്തിയാകാന്‍ രണ്ടുമാസംകൂടി ബാക്കി നില്‍ക്കെയാണ് സിദ്ദുവിന്റെ മോചനം.
ജയിലിൽ നിന്നും പുറത്തിറങ്ങിയതോടെ രാഹുൽ ഗാന്ധിയെ നവജ്യോത് സിംഗ് സിദ്ദു വാനോളം പുകഴ്‌ത്തുകയായിരുന്നു. ‘ജനാധിപത്യം ഇന്ന് ചങ്ങലയിലാണ്. പഞ്ചാബ് ഈ രാജ്യത്തിന്റെ കവചമാണ്. ഈ രാജ്യത്ത് ഏകാധിപത്യം വന്നപ്പോൾ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു വിപ്ലവവും വന്നു. വിപ്ലവത്തിന്റെ പേരാണ് രാഹുല്‍’.
‘പഞ്ചാബിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്രം ആഗ്രഹിക്കുന്നു. എനിക്ക് ഭഗവന്ത് മന്നിനോട് ചിലത് ചോദിക്കണം. എന്തുകൊണ്ടാണ് നിങ്ങൾ പഞ്ചാബിലെ ജനങ്ങളെ വിഡ്ഢികളാക്കിയത്? നിങ്ങൾ വലിയ വാഗ്ദാനങ്ങളും തമാശകളും നൽകി. എന്നാൽ നിങ്ങൾ ഇന്ന് കടലാസിൽ മാത്രം
ഒതുങ്ങുന്ന മുഖ്യമന്ത്രി മാത്രമാണ്’- എന്നും നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു.