കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീവെച്ചതിനെ തുടർന്ന് മരിച്ച മൂന്നു പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റഹ്മത്ത്, ഷഹറബത്ത്, നൗഫീഖ് എന്നിവരാണ് മരിച്ചത്. ഇവരുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളില്ല. ട്രെയിനില്‍ നിന്ന് ചാടിയ സമയത്ത് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ ട്രെയിനില്‍ നിന്ന് ചാടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ തലയ്ക്ക് പിന്നില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്.
പെട്രോള്‍ ആക്രമണം ഭയന്ന് ട്രെയിനില്‍ നിന്ന് റഹ്മത്തും കുഞ്ഞും എടുത്ത് ചാടിയെന്നാണ് യാത്രക്കാര്‍ പറയുന്നത്. മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ കിടക്കുന്ന മൂന്ന് മൃതദേഹങ്ങള്‍ കണ്ടത്. ഇദ്ദേഹം ഉടന്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.
ട്രാക്കില്‍ തലയിടിച്ച് വീണ നിലയിലായിരുന്നു മൂന്നുപേരും. 9 പേർക്കാണ് അക്രമത്തിൽ പൊള്ളലേറ്റത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു കണ്ണൂരിലേക്കു പുറപ്പെട്ട ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിൽ ഇന്നലെ രാത്രി 9.11 ഓടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തീ ആളിപ്പടർന്നതോടെ യാത്രക്കാർ അടുത്ത കോച്ചിലേക്ക് ഓടി.