തിരുവനന്തപുരം : ജില്ലാതല പുനഃസംഘടനാ ലിസ്റ്റ് 3 ദിവസത്തിനകം നൽകണമെന്ന് കെപിസിസി. ഡിസിസി പ്രസിഡന്റും ജില്ലയുടെ ചാർജുള്ള കെപിസിസി ജനറൽ സെക്രട്ടറിയും ചേർന്നാണ് ലിസ്റ്റ് നൽകേണ്ടത്. ജില്ലകളിൽ നിന്നും ലിസ്റ്റ് ലഭിച്ചാൽ പത്ത് ദിവസത്തിനകം ചർച്ചകൾ പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ സംസ്ഥാനതല സമിതിക്ക് നിര്‍ദേശം നൽകിയിട്ടുണ്ടെന്നും യോഗത്തിനുശേഷം കെപിസിസി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
കെപിസിസി എക്സിക്യുട്ടീവ് യോഗത്തിൽ പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. നിങ്ങൾക്ക് വേണ്ടെങ്കിൽ തനിക്കും പുനഃസംഘടന വേണ്ടെന്ന് സുധാകരൻ വൈകാരികമായി പ്രസംഗിച്ചു. പുനഃസംഘടന പൂർത്തീകരിക്കാൻ സഹകരിക്കണമെന്ന് അദ്ദേഹം കൈകൂപ്പി അഭ്യർഥിച്ചു.യോഗത്തിൽ ശശി തരൂർ, കെ, മുരളീധരൻ തുടങ്ങിയവർക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സിപിഎം താഴേത്തട്ടിൽ ആരംഭിച്ചിട്ടും കോൺഗ്രസ് നിർജീവമാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. പാർട്ടി ഒറ്റക്കെട്ടായി ഫാഷിസത്തിനെതിരെ പോരാടുമ്പോൾ അതിനെ ദുർബലപ്പെടുത്തുന്ന പ്രസ്താവനകൾ തരൂരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായി ജോൺസൺ എബ്രഹാം പറഞ്ഞു. തരൂർ പാർട്ടിക്ക് വേണ്ടപ്പെട്ട ആളാണെന്നും വിവാദ പ്രസ്താനകൾ ഒഴിവാക്കാൻ കെപിസിസി പ്രസിഡന്റ് നിർദേശം നൽകണമെന്നും പി.ജെ.കുര്യൻ പറഞ്ഞു.
പാർട്ടി പ്രവർത്തകർ അച്ചടക്കം സ്വയം പാലിക്കണമെന്നും ചാട്ടവാർകൊണ്ട് ആരെയും മാറ്റാൻ കഴിയില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കെ.മുരളീധരന്റെ നിലപാടുകളെ എം.എം.നസീർ വിമർശിച്ചു. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ ജാഥകൾ നടന്നിട്ടും വനിതകൾക്ക് അർഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. പാർട്ടിയിലെ പ്രശ്നക്കാരായ ‘അരിക്കൊമ്പൻമാരെ’ പിടിക്കണമെന്ന് അൻവർ സാദത്ത് പറഞ്ഞു. യോഗത്തിൽ എംപിമാർ പങ്കെടുത്തില്ല. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ യോഗം മാറ്റണമെന്ന് എംപിമാർ ആവശ്യപ്പെട്ടെങ്കിലും കെപിസിസി പ്രസിഡന്റ് യോജിച്ചില്ല. രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ 11ന് നൽകുന്ന സ്വീകരണത്തിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നതെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തോട് വിശദീകരിച്ചു.