ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുസ്ലീം സംവരണം പുനസ്ഥാപിക്കുമെന്ന് കർണാടക പിസിസി അദ്ധ്യക്ഷൻ ഡികെ ശിവകുമാർ. ഭരണത്തിലെത്തിയാൽ ന്യൂനപക്ഷ താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും ശിവകുമാർ പറഞ്ഞു. ബെംഗളുരുവിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർച്ച് 25നാണ് കർണാടകയിൽ മുസ്ലിം വിഭാഗത്തിന് അധികമായി നൽകിയിരുന്ന നാല് ശതമാനം സംവരണം സംസ്ഥാന സർക്കാർ എടുത്തുമാറ്റിയത്. പകരം നാലുശതമാനം സംവരണം പിന്നാക്ക വിഭാഗങ്ങളായ ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങൾക്കായി നൽകി. ഇതോടെ വൊക്കലിഗ സംവരണം ആറു ശതമാനവും ലിംഗായത്തിന്റെ സംവരണം ഏഴു ശതമാനവുമായും ഉയർന്നു.
മുസ്ലീം സംവരണം ഭരണഘടന വിരുദ്ധമാണെന്നായിരുന്നു ബിജെപി മുന്നോട്ടുവെച്ച വാദം. മത അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ബിജെപി വ്യക്തമാക്കി.
കർണാടകയിൽ മെയ് 10നാണ് വോട്ടെടുപ്പ്. മെയ് 13ന് വോട്ടെണ്ണൽ നടക്കും. നാളെ ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തുവിടും.