2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ ഐക്യ ചർച്ചകൾ സജീവമാവുകയാണ്. ഇതിനിടെ എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടത്തി. ഖാർഗെയുടെ ഡൽഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാഹുൽ ഗാന്ധിയും ചർച്ചയിൽ പങ്കെടുത്തു.
രാജ്യത്ത് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനും അഭിപ്രായ സ്വാതന്ത്ര്യം നിലനിർത്താനും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഭരണഘടനാ സ്ഥാപനങ്ങൾ സംരക്ഷിക്കാനും ഞങ്ങളെല്ലാം ഒരുമിച്ച് പൊരുതാൻ തയ്യാറാണെന്ന് മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. എല്ലാ കക്ഷികളുമായും ഞങ്ങൾ ചർച്ച നടത്തും. പവാറും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചതെന്ന് ഖാർഗെ പറഞ്ഞു.
പ്രതിപക്ഷ ഐക്യത്തിനായുള്ള പ്രവർത്തനം ആരംഭിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം രാഹുൽ ഗാന്ധി പ്രതികരിച്ചു. പ്രതിപക്ഷ ഐക്യത്തിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തിയിരുന്നു. കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറില്ലാത്ത പ്രാദേശിക പാർട്ടികളുമായി ചർച്ച നടത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത നിതീഷ് കുമാർ ഇന്നലെ രാത്രി തന്നെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി ചർച്ച നടത്തിയിരുന്നു.