ദില്ലി: എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ കോടതി നടപടിക്ക് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. 19 വർഷമായി താമസിക്കുന്ന 12 തുഗ്ലക് ലൈനിലെ വസതിയാണ് രാഹുൽ ഒഴിഞ്ഞത്. സോണിയ ഗാന്ധിയുടെ 10 ജൻപഥിലേക്ക് രാഹുൽ താൽക്കാലികമായി മാറുന്നത്.
ഇതിനിടെ മോദി പരാമർശവുമായി ബന്ധപ്പെട്ട് പാറ്റ്ന കോടതി അയച്ച സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ബീഹാർ ഹൈക്കോടതിയെ സമീപിച്ചു. അയോഗ്യനായ സാഹചര്യത്തിൽ വസതി ഇന്നോടെ ഒഴിയണം എന്നായിരുന്നു ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നിർദ്ദേശം. മാർച്ച് 23 നാണ് രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. ഒരു മാസത്തിനുള്ളിൽ വീടൊഴിയണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
2004ൽ ആദ്യം എംപിയായത് മുതൽ രാഹുൽ ഗാന്ധി താമസിക്കുന്നത് തുഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്പർ വസതിയിലാണ്. ജനങ്ങളോട് നന്ദിയെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം പറയുന്നത് ഈ കാലത്ത് തെറ്റാണ്. സത്യം പറഞ്ഞതിനുള്ള വിലയാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഈ വീട് ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയതാണ്. അത് തിരിച്ചെടുത്തു. അപേക്ഷ നൽകി ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഉന്നയിച്ച വിഷയങ്ങൾ ഇനിയും ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.