കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ കർശന നിയന്ത്രണം. റോഡ് ഷോ കടന്നുപോകുന്ന ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പൊതുജന ബാഹുല്യം കണക്കിലെടുത്ത് റോഡ് ഷോയുടെ ദൈർഘ്യം 1.2 കിലോമീറ്ററില്‍നിന്ന് 1.8 കിലോമീറ്ററായി വര്‍ധിപ്പിച്ചിട്ടുണ്ട്. വെണ്ടുരുത്തിയില്‍നിന്ന് തേവര കോളജ് വരെയാണ് റോഡ് ഷോ.
തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് നാവികസേന വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി വെണ്ടുരുത്തി പാലം മുതൽ റോഡ് ഷോയ്ക്കൊപ്പം ചേരും. തിരക്ക് കണക്കിലെടുത്താണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ 1.8 കിലോമീറ്ററാക്കിയത്. വെണ്ടുരുത്തി–തേവര റൂട്ടിൽ ഉച്ചയ്ക്കുശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സന്ദർശനം പ്രമാണിച്ച് എറണാകുളം റൂറൽ ജില്ലയിലും ഗതാഗത നിയന്ത്രണമുണ്ടാകും.
24ന് വൈകിട്ട് 4:30 മുതൽ ദേശീയപാതയിൽ കറുകുറ്റി മുതൽ മുട്ടം വരെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. 25ന് രാവിലെ 9 മുതൽ പകൽ 11 വരെയും ഈ മേഖലയിൽ വലിയ വാഹനങ്ങൾ നിയന്ത്രിക്കും. വഴിയരികിൽ വാഹനങ്ങളുടെ പാർക്കിങ്ങും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു. 2060 പൊലീസുകാരെയാണ് സുരക്ഷയ്‌ക്കായി വിന്യസിച്ചിരിക്കുന്നത്. യുവം പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവരുടെ കയ്യിൽ മൊബൈൽ ഫോണുകൾ മാത്രമേ അനുവദിക്കൂ.