ന്യൂഡൽഹി : ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽനിന്ന് ‘ഓപ്പറേഷൻ കാവേരി’ വഴി ഇതുവരെ ഇന്ത്യയിലെത്തിയത് 1,191 പേർ. ഇതിൽ 117 പേർ മഞ്ഞപ്പനി (യെലോ ഫീവർ) പ്രതിരോധ കുത്തിവയ്പ് കാർഡ് ഇല്ലാത്തതിനെ തുടർന്ന് ക്വാറന്റീനിലാണെന്നു കേന്ദ്ര സർക്കാർ അറിയിച്ചു. രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ 7 ദിവസത്തെ ക്വാറന്റീനുശേഷം വിട്ടയയ്‌ക്കും. ഇവർക്കുള്ള സൗജന്യ ഭക്ഷണവും താമസവും എയർപോർട്ട് ഹെൽത്ത് ഓഫിസർമാരും (എപിഎച്ച്ഒ) സംസ്ഥാനങ്ങളിലെ വിവിധ ആശുപത്രികളും ചേർന്നാണ് ഒരുക്കുന്നത്.
സുഡാനിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ എത്തിയവർ Photo by INDRANIL MUKHERJEE / AFP)
ക്വാറന്റീനിലെത്തുന്നവർക്കായി ഡൽഹി നജഫ്ഗഡിലെ ആർഎച്ച്ടിസി ആശുപത്രിയിൽ 100 കിടക്കകൾ ഒരുക്കിയിട്ടുണ്ട്. മെഹ്റൗലിയിലെ എൻഐടിആറിൽ 40 കിടക്കകളും ലേഡി ഹാർഡിൻഗ് മെഡിക്കൽ കോളജിൽ 60 കിടക്കകളും ഏർപ്പെടുത്തി. ഏകദേശം 3,000ത്തോളം ഇന്ത്യക്കാരാണ് സുഡാനിൽ കുടുങ്ങിയത്.
ബാക്കിയുള്ളവരെ ഉടൻതന്നെ ‘ഓപ്പറേഷൻ കാവേരി’ വഴി രാജ്യത്തെത്തിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. സുഡാനിൽനിന്ന് 717 പേർ കൂടി സൗദി അറേബ്യയിലെ ജിദ്ദയിലെത്തിയതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ഇവരെ മന്ത്രി സ്വീകരിച്ചു. ഇവർക്കായി ഏർപ്പെടുത്തിയ താമസസ്ഥലവും സന്ദർശിച്ചു.