ഡല്‍ഹി: മഅ്ദനിയുടെ അകമ്പടി ചെലവ് കുറയ്ക്കാൻ ആകില്ലെന്ന് കർണാടക സർക്കാർ. അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണവും വെട്ടി കുറയ്ക്കാനാകില്ലെന്ന് കർണാടക സർക്കാർ അറിയിച്ചു. ഇത് വ്യക്തമാക്കി കർണാടക ഭീകര വിരുദ്ധസെൽ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകി. യതീഷ് ചന്ദ്ര ഐ.പി.എസിന്‍റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് അകമ്പടി സംബന്ധിച്ച ശിപാർശ തയാറാക്കിയത്. സംഘം കേരളം സന്ദർശിച്ചാണ് ശിപാർശ തയാറാക്കിയതെന്നും കർണാടക സുപ്രിംകോടതിയെ അറിയിച്ചു.
ജന്തർ മന്തറിലിരുന്നാൽ നീതി കിട്ടില്ല, 90 ശതമാനം താരങ്ങളും എനിക്കൊപ്പമുണ്ട്- ബ്രിജ് ഭൂഷൺ
കേരളത്തിൽ വരാന്‍ സുരക്ഷാ ചെലവിനായി വൻതുക ഈടാക്കാനുള്ള കര്‍ണാടക പൊലീസിന്‍റെ തീരുമാനത്തിനെതിരെ അബ്ദുന്നാസര്‍ മഅ്ദനി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. സുരക്ഷാ ചെലവായി 60 ലക്ഷം രൂപ നൽകുന്നതിൽ ഇളവ് നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ കർണാടക സർക്കാർ നിർദേശത്തെ സുപ്രിംകോടതി വിമർശിച്ചിരുന്നു. 20 അംഗ ടീമിനെയാണ് മഅ്ദനിയുടെ സുരക്ഷയ്ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നത്.താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താൽ അകമ്പടിച്ചെലവ് ഒരു കോടിയോളം വരും.
ഏപ്രിൽ 20ന് കർണാടക പൊലീസ് മഅ്ദനിയുടെ വീട്ടിലും അൻവാർശേരിയിലും പരിശോധന നടത്തിയിരുന്നു. മഅ്ദനി കേരളത്തിലേക്ക് വരുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണം സംബന്ധിച്ചായിരുന്നു പരിശോധന. കർണാടകയിലെ ഐ.ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് അൻവാർശേരിയിലെത്തിയത്.