പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ, യുണൈറ്റഡ് നഴ്സസ് അസോസിയേഷനും ഹോസ്പിറ്റൽ മാനേജ്മെന്‍റ് അസോസിയേഷനും തമ്മിൽ ലേബർ ഓഫീസിൽ വച്ചു നടന്ന ചർച്ച പരാജയപ്പെട്ടു. ഇതിന് പിന്നാലെ മാനേജ്മെന്‍റുകൾക്ക് താക്കീത് നൽകാനായി നഴ്സുമാരുടെ സംഘടന സൂചന പണിമുടക്കും കളക്ട്രേറ്റ് മാർച്ചും പ്രഖ്യാപിച്ചു. നാളെയാണ് നഴ്സുമാരുടെസൂചന പണിമുടക്കും കളക്ട്രേറ്റ് മാർച്ചും നടക്കുക. ദിവസ വേതനം മിനിമം 1500 രൂപ നൽകുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, രോഗീ – നഴ്സ് അനുപാതം നിയാമാനുസൃതമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു എൻ എ) ഭാരവാഹികളും ഹോസ്പിറ്റൽ മാനേജ്മെന്‍റ് പ്രതിനിധികളുമായി പത്തനംതിട്ട ജില്ല ഓഫീസിൽ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയത്.
എന്നാൽ ചർച്ച പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് മാനേജ്മെന്‍റുകളുടെ ധാർഷ്ട്യത്തിനെതിരെ നാളെ സൂചനാ പണിമുടക്കും കളക്ട്രേറ്റ് മാർച്ചും നടത്തുമെന്ന് യു എൻ എ ഭാരവാഹികൾ അറിയിച്ചത്. കളക്ട്രേറ്റ് മാർച്ച് യു എൻ എ ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി സുധീപ് എം വി മുഖ്യ പ്രസംഗം നടത്തും. സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫ് അധ്യക്ഷത വഹിക്കും. എ ഐ ഡി വൈ യോ സംസ്ഥാന പ്രസിഡന്‍റ് ഇ വി പ്രകാശ്, യു എൻ എ സംസ്ഥാന സെക്രട്ടറി രശ്മി പരമേശ്വരൻ, ജോൾഡിൻ ഫ്രാൻസിസ്, ദിവ്യ ഇ എസ്, ജോൺ മുക്കത്ത് ബെഹനാൻ, അഭിരാജ് ഉണ്ണി, അജയ് വിശ്വംഭരൻ, നിധിൻ മോൻ സണ്ണി, മുകേഷ് ആർ എൻ, അൻസു വി എബ്രഹാം, രജിത് രഘുനാഥ്, ബിബിൻ സജീവ്, എബിച്ചൻ, റെജി ജോൺ എന്നിവർ പ്രസംഗിക്കും.
സൂചനാ പണിമുടക്കിന് ശേഷവും മാനേജ്മെന്‍റുകൾ വ്യവസ്ഥകൾ അംഗീകരിക്കുന്നില്ലെങ്കിൽ മെയ് 15, 16, 17 തീയതികളിൽ സമ്പൂർണ പണിമുടക്ക് നടത്തുമെന്നും യു എൻ എ ഭാരവാഹികൾ വ്യക്തമാക്കി. 1500 രൂപ ദിവസവേതനം എന്ന ഏറ്റവും ന്യായമായ ആവശ്യം മുൻനിർത്തിയുള്ള സമരം ഏറ്റവും ന്യായമാണ്. രോഗീ – നഴ്സ് അനുപാതം നിയമാനുസൃതമാക്കേണ്ടത് നഴ്സുമാരെക്കാളുപരി ജനങ്ങളുടെ ആവശ്യകതയാണ്. കരാർ നിയമനങ്ങൾ നടത്തിക്കൊണ്ട് എപ്പോൾ വേണമെങ്കിലും നഴ്സുമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും പിരിച്ചുവിടുകയാണ് മാനേജ്മെന്‍റുകൾ. കരാർ ജീവനക്കാർക്ക് ഒരാനുകൂല്യത്തിനും അവകാശമില്ല. അതു കൊണ്ട് തന്നെ കരാർ തൊഴിൽ അവസാനിപ്പിക്കുകയും നിലവിലുള്ള തൊഴിലാളികളെ സ്ഥിരപ്പെടുത്തുകയും ചെയ്യണം എന്ന ആവശ്യം യു എൻ എ മുന്നോട്ട് വയ്ക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.