തിരുവനന്തപുരം : സ്മാർട്ടാകാനൊരുങ്ങി റേഷൻ കടകൾ. റേഷൻ കടകൾ വഴി കൂടുതൽ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്റ്റോർ പദ്ധതി ഞായറാഴ്ച യാഥാർത്ഥ്യമാകും. മിൽമ, ശബരി ഉത്പന്നങ്ങൾ വാങ്ങാനും ഡിജിറ്റൽ ഇടപാടുകൾ നടത്താനും കെ സ്റ്റോർ വഴി സാധിക്കും.
10,000 രൂപയിൽ താഴെയുള്ള ബാങ്കിംഗ് ഇടപാടുകൾ, എടിഎം സേവനം എന്നിവയും റേഷൻ കടയിലുണ്ടാകും. ആദ്യ ഘട്ടത്തിൽ 108 റേഷൻ കടകളാണ് ഈ രീതിയിൽ നവീകരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ആയിരം റേഷൻ കടകളാണ് കെ സ്റ്റോറുകൾ ആക്കുകയാണ് ലക്ഷ്യം. കാർഷിക, വ്യാവസായിക ഉത്പന്നങ്ങൾ കൂടി വൈകാതെ കെ സ്റ്റോറുകൾ വഴി വാങ്ങാവുന്നതാണ്. സപ്ലൈകോ, പൊതുവിപണിയിലെ വില തന്നെയാകും ഈടാക്കുക.
റേഷൻ കടകൾ സ്മാർട്ടാകുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ഇപോസ് മെഷീനുകൾ ജനങ്ങളെ വലയ്‌ക്കുന്നുണ്ട്. സെർവർ തകരാറിലാകുന്നതുകൊണ്ട് തന്നെ പ്രതിദിനം ലക്ഷക്കണക്കിന് ആളുകൾക്കാണ് റേഷൻ വിതരണം ചെയ്യാനാകാത്തത്. ഇതിനെ തുടർന്ന് പലപ്പോഴും കടയുടമയും റേഷൻ വാങ്ങാനെത്തുന്നവരും തമ്മിൽ കയ്യാങ്കളിയിലേക്ക് നീങ്ങിയ സാഹചര്യം വരെയുണ്ടായിരുന്നു. ഒരു കാർഡ് ഉടമയ്‌ക്ക് റേഷൻ വാങ്ങാൻ 30 മുതൽ 60 മിനിറ്റ് വരെ കടയിൽ ചെലഴിക്കേണ്ടതായും വരുന്നുവെന്നുമുള്ള വാർത്ത പുറത്തുവന്നിരുന്നു. മാർച്ചിൽ സെർവർ തകരാർ കണ്ടുതുടങ്ങിയപ്പോൾ അത് അറ്റകുറ്റപ്പണി നടത്തുന്നതിനാലാണെന്നായിരുന്നു അധികാരികളുടെ വിശദീകരണം. എന്നാൽ ഇപ്പോഴും പ്രശ്‌നപരിഹാരം നടത്താനായിട്ടില്ല.