ബംഗളൂരു: ബിജെപി സർക്കാർ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനം കോൺഗ്രസ് എടുത്തുമാറ്റുമെന്ന് നിയുക്ത എംഎൽഎ കനീസ് ഫാത്തിമ. കർണ്ണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ച് വിജയിച്ചതിന് പിന്നാലെ ദേശീയ മാധ്യമമായ ‘സ്‌ക്രോളി’നോടായിരുന്നു ഇവരുടെ പ്രതികരണം.
തെരഞ്ഞെടുപ്പിൽ ജയിച്ച ഏക മുസ്‌ലിം വനിതാ സ്ഥാനാർഥിയാണ് ഇവർ. ‘ഉടൻ തന്നെ ഞങ്ങൾ ഹിജാബ് നിരോധനം എടുത്തുമാറ്റും. ഹിജാബിന്റെ പേരിൽ പുറത്താക്കപ്പെട്ട വിദ്യാർഥിനികളെ ക്ലാസ്‌മുറികളിലേക്ക് തിരിച്ചുകൊണ്ടുവരും. അവർക്ക് ഇനി പരീക്ഷയെഴുതാനാകും. രണ്ടു വിലപ്പെട്ട വർഷമാണ് അവർക്ക് നഷ്ടമായത്’ കനീസ് ഫാത്തിമ പറഞ്ഞു.
ഉത്തര ഗുൽബർഗ മണ്ഡലത്തിൽനിന്നാണ് കനീസ ഫാത്തിമ നിയമസഭയിലേക്ക് എത്തുന്നത്. ബിജെപിയുടെ ചന്ദ്രകാന്ത് ബി. പാട്ടീലിനെ തോൽപ്പിച്ച് 2,712 വോട്ടിനായിരുന്നു കനീസയുടെ വിജയം. 2018ലും ഇതേ മണ്ഡലത്തിൽ ചന്ദ്രകാന്തിനെ തന്നെ പരാജയപ്പെടുത്തിയിരുന്നു അവർ. കഴിഞ്ഞ വര്‍ഷമാണു കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കി ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.