കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ആദ്യമായി സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ചൊവ്വാഴ്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്തു. കർണാടകയിലെ മുൻ ബി.ജെ.പി ഭരണത്തിൻ കീഴിലെ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഡി.കെ. ശിവകുമാർ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഈ യോഗത്തിലാണ് പുതിയ കോൺഗ്രസ് സർക്കാർ പോലീസ് വകുപ്പിൽ ഒരുകാരണവശാലും ‘കാവിവൽക്കരണം‘“ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്.
“നിങ്ങൾ പോലീസ് വകുപ്പിനെ കാവിവൽക്കരിക്കാനാണോ ശ്രമിക്കുന്നത് ? അതോ കാവിവല്‍കരിക്കാന്‍പോവുകയാണോ? നമ്മുടെ സർക്കാരിൽ ഇത് അനുവദനീയമല്ല. മംഗലാപുരത്തും ബിജാപൂരിലും ബാഗൽകോട്ടിലും കാവി വസ്ത്രം ധരിച്ച് നിങ്ങൾ പോലീസ് വകുപ്പിനെ അപമാനിച്ചതെങ്ങനെയെന്ന് എനിക്കറിയാം. രാജ്യത്തോട് ബഹുമാനമുണ്ടെങ്കിൽ ദേശീയ പതാകയേന്തി പ്രവർത്തിക്കണമെന്നും ഡി.കെ ശിവകുമാർ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. “ഞങ്ങളുടെ സർക്കാരിൽ പോലീസ് വകുപ്പിൽ കാവിവൽക്കരണം ഒരുകാരണവശാലും ഞങ്ങൾ അനുവദിക്കില്ലെന്നു,” എന്നും ഡി. കെ ശിവകുമാർ ആവർത്തിച്ചു.
പോലീസ് സബ് ഇൻസ്‌പെക്ടർ (പിഎസ്‌ഐ) റിക്രൂട്ട്‌മെന്റ് അഴിമതിയിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച ഡി.കെ ശിവകുമാർ ഈ സംഭവം “വകുപ്പ് എത്ര മോശം അവസ്ഥയിലാണെന്നതിന്റെ തെളിവാണെന്ന് കുറ്റപ്പെടുത്തി. അഴിമതി വെളിച്ചത്തു കൊണ്ടുവന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെയെ പോലീസ് പീഡിപ്പിക്കുകയാണെന്നും ശിവകുമാർ ആരോപിച്ചു. രാജ്യത്തുടനീളം കർണാടക പോലീസ് ഡിപ്പാർട്ട്‌മെന്റിന് നല്ല പ്രശസ്തി ഉണ്ടായിരുന്നു. എന്നാൽ ആ മാനവും അഭിമാനവും ഇപ്പോൾ നശിപ്പിച്ചു. എവിടെ നോക്കിയാലും അഴിമതിയാണ് എഎന്നും ഡികെ ശിവകുമാർ പറഞ്ഞു.
ബിജെപി ഭരണകാലത്ത് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ പോലീസ് കള്ളക്കേസുകൾ ചുമത്തിയെന്നും് ഡികെ ശിവകുമാർ പറഞ്ഞു, “പണ്ട് ഞങ്ങൾ PayCM പ്രചാരണം നടത്തിയപ്പോൾ നിങ്ങൾ എന്നോടും സിദ്ധരാമയ്യയോടും എങ്ങനെ പെരുമാറിയെന്ന് എനിക്കറിയാം. കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ പ്രവർത്തകർക്കെതിരെ ആയിരക്കണക്കിന് കള്ളക്കേസുകൾ ചുമത്തിയിട്ടുണ്ട്, എന്നാൽ എതിർകക്ഷിക്കെതിരെ മാത്രം കേസെടുത്തിട്ടില്ല.” ഡി. കെ കൂട്ടിച്ചേർത്തു. പോലീസ് ഉദ്യോഗസ്ഥർ ഈ നിലപാട് മാറ്റണമെന്നും് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഈ സർക്കാരിൽ നിന്ന് വലിയ മാറ്റമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അത് പോലീസ് വകുപ്പിൽ നിന്നു തന്നെ തുടങ്ങണം. ഈ സർക്കാരിൽ നിന്നുള്ള മാറ്റത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കണം. നിങ്ങളുടെ മുൻകാല പെരുമാറ്റം ഞങ്ങളുടെ സർക്കാരിന്റെ കാലത്ത് നടക്കില്ല, “നിങ്ങൾ മാറണം. നിങ്ങളുടെ മനോഭാവം മാറണം.” ഡികെ ശിവകുമാർ പറഞ്ഞു.
സദാചാര പോലീസിംഗിനെതിരെ ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അതേ യോഗത്തിൽ പോലീസിന് നിർദ്ദേശം നൽകി. ഹിന്ദുവെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ലാതെ ഒരു സദാചാര പോലീസിംഗും വെച്ചുപൊറുപ്പിക്കരുതെന്ന് സിദ്ധരാമയ്യ പറഞ്ഞതായി ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.