Sunday, December 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപാർലമെന്റ് മന്ദിര ഉദ്ഘാടനം: 'ബഹിഷ്കരണം ശരിയല്ല'; പ്രതിപക്ഷത്തെ വിമർശിച്ച് മായാവതി

പാർലമെന്റ് മന്ദിര ഉദ്ഘാടനം: ‘ബഹിഷ്കരണം ശരിയല്ല’; പ്രതിപക്ഷത്തെ വിമർശിച്ച് മായാവതി

ദില്ലി: പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തെ വിമർശിച്ച് ബിഎസ്‌പി അധ്യക്ഷ മായാവതി. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള തീരുമാനം ശരിയല്ലെന്ന് അവർ പറഞ്ഞു. കേന്ദ്രസർക്കാരാണ് പാർലമെന്റ് നിർമ്മിച്ചത്. അത് ഉദ്ഘാടനം ചെയ്യാൻ അവർക്ക് അവകാശമുണ്ട്. വ്യക്തിപരമായ തിരക്ക് മൂലം തനിക്ക് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്നും ക്ഷണിച്ചതിന് നന്ദിയെന്നും മായാവതി പറഞ്ഞു.

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനാണ് 20 പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരിക്കുന്നത്. ബിആര്‍എസ് പാര്‍ട്ടി നിലപാടറിയിച്ചിട്ടില്ല. വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ അഞ്ച് പാര്‍ട്ടികള്‍ ചടങ്ങിനെത്തും. അതേസമയം പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്ഥാപിക്കാനിരിക്കുന്ന ചെങ്കോലിനെ ചൊല്ലിയും രാഷ്ട്രീയ വിവാദം ഉയർന്നിട്ടുണ്ട്. പ്രോട്ടോക്കോള്‍ ലംഘനം നടത്തി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ രൂക്ഷമായി വിമര്‍ശിക്കുന്ന കോണ്‍ഗ്രസിനെ അടിക്കാന്‍ ചെങ്കോല്‍ ബിജെപി ആയുധമാക്കുന്നു. സ്വാതന്ത്യ ദിനത്തിലെ അധികാര കൈമാറ്റത്തിന്‍റെ പ്രതീകമായ ചെങ്കോലിനെ ഇത്രയും കാലം കോണ്‍ഗ്രസ് അവജ്ഞയോടെയാണ് കണ്ടതെന്ന് ബിജെപി കുറ്റപ്പെടുത്തി.

ബ്രിട്ടണ്‍ അധികാരം കൈമാറിയതിന്‍റെ പ്രതീകമായ ചെങ്കോല്‍ അലഹബാദിലെ നെഹ്റുവിന്‍റെ വസതിയായ ആനന്ദഭവനിലേക്ക് ഒതുക്കപ്പെടുകയായിരുന്നുവെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വിമര്‍ശിച്ചു. ചെങ്കോലിനെ വിശേഷിപ്പിച്ചത് നെഹ്റുവിന് സമ്മാനമായി കിട്ടിയ സ്വര്‍ണ്ണ ഊന്ന് വടിയെന്നാണ്. പൂജകള്‍ക്ക് ശേഷമാണ് സ്വാതന്ത്യദിന രാത്രിയില്‍ ചെങ്കോല്‍ നെഹ്റുവിന് കൈമാറിയത്. ചെങ്കോലിനെ അവഗണിച്ചതിലൂടെ ഹിന്ദു ആചാരങ്ങളെ കൂടി കോണ്‍ഗ്രസ് അവഹേളിക്കുകയായിരുന്നുവെന്നും ഐടി സെല്‍മേധാവി കുറ്റപ്പെടുത്തി.

ചെങ്കോല്‍ വിവാദത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷത്തിന്‍റെ നിസഹകരണത്തെ ഓസ്ട്രേലിയയിലെ അനുഭവം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി വിമര്‍ശിച്ചു. സിഡ്നിയില്‍ തനിക്കൊരുക്കിയ സ്വീകരണത്തില്‍ അവിടുത്തെ പ്രധാനമന്ത്രി മാത്രമല്ല പ്രതിപക്ഷം ഒന്നടങ്കം പങ്കെടുത്തിരുന്നുവെന്നും അതാണ് ജനാധിപത്യത്തിന്‍റെ ശക്തിയെന്നും മോദി വ്യക്തമാക്കി. പ്രതിപക്ഷത്തിനെതിരെ ധനമന്ത്രി നിര്‍മ്മല സീതാരാമനും വിമര്‍ശനം കടുപ്പിച്ചു. ഉദ്ഘാടനത്തില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള തീരുമാനം ജനാധിപത്യ മര്യാദക്ക് നിരക്കുന്നതല്ലെന്ന് നിര്‍മ്മല സീതാരാമന്‍ കുറ്റപ്പെടുത്തി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments