എറണാകുളം : സിനിമാ മേഖലയിലെ ലഹരി ഇടപാടുകളിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയെന്ന് മുൻ രാജ്യസഭാംഗവും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി. മലയാള സിനിമയിലെ വ്യാപക ലഹരി ഉപയോഗത്തെ കുറിച്ചുള്ള നടൻ ടിനി ടോമിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. ലഹരി ഇടപാടുകളെ കുറിച്ച് എൻസിബിയും പോലീസും അന്വേഷിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
മുൻപും ഇക്കാര്യം ചർച്ചകളിൽ ഇടം പിടിച്ചിരുന്നുവെങ്കിലും ശ്രീനാഥ് ഭാസി, ഷെയിൻ നിഗം എന്നിവരെ സിനിമാ സംഘടകൾ വിലക്കിയതോടെയാണ് ലഹരിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിമർശനങ്ങളും വീണ്ടും ഉയർന്നത്. ഇതേ തുടർന്ന് മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ടിനി ടോം രംഗത്ത് വന്നിരുന്നു. ഒരു പ്രമുഖ നടന്റെ മകന് സിനിമയിൽ അവസരം ലഭിച്ചെന്നും എന്നാൽ ലഹരിയോടുള്ള ഭയം മൂലം അതു വേണ്ടെന്നു വെച്ചന്നും ആണ് ടിനി പറഞ്ഞത്. കേരളാ പൊലീസിന്റെ ‘യോദ്ധാവ്’ എന്ന ബോധവൽക്കരണ പരിപാടിയുടെ അംബാസഡറാണ് ടിനി ടോം. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം വർദ്ധിച്ചെന്നും ഇത് സ്വയം അവസാനിപ്പിച്ചില്ലെങ്കിൽ അത്തരക്കാരെ നിയമപാലകർക്ക് പിടിച്ചുകൊടുക്കുമെന്ന് ഫിലിം ചേമ്പറും അറിയിച്ചിരുന്നു.
സിനിമാസെറ്റിലെ ലഹരി ഉപയോഗത്തെക്കുറിച്ചും ഉപയോഗിക്കുന്നവരുടെ പട്ടികയുണ്ടെന്നും നിർമ്മാതാക്കളുടെ സംഘടന തുറന്നു പറഞ്ഞെങ്കിലും ഇതുവരെ അത് പുറത്തുവിട്ടിട്ടില്ല. പരാതി കിട്ടിയാൽ അന്വേഷിക്കാമെന്നാണ് സർക്കാർ നിലപാട്. എന്നാൽ പരാതി നൽകാൻ. നിർമ്മാതാക്കൾ തയ്യാറാല്ല. ചിത്രീകരണം തടസപ്പെടുമെന്നതാണ് കാരണം.
മയക്കുമരുന്ന് എത്തിക്കാൻ സൗകര്യമായത് കൊണ്ട് സിനിമകൾ ഇപ്പോൾ കൂടുതൽ ചിത്രീകരിക്കുന്നത് കാസർകോടാണ് എന്ന് നിർമാതാവ് രജപുത്ര രഞ്ജിത്തിന്റെ പരാമർശം വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എന്തായാലും മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചർച്ചകൾ സമീവമായി തന്നെ തുടരുകയാണ്.