തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറ നാളെ രാവിലെ എട്ട് മണി മുതൽ പ്രവർത്തനസജ്ജമാകുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. 24 മണിക്കൂറും പ്രവർത്തിക്കുന്ന രാത്രി കാലങ്ങളിലും ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇൻഫ്രാ റെഡ് ക്യാമറകളും നാളെ മുതൽ സജ്ജമാകും.സംസ്ഥാനത്ത് റോഡ് സുരക്ഷാ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. നിയമലംഘകർക്ക് നോട്ടീസ് അയച്ചാണ് പിഴ ഈടാക്കുക.
“കൂടുതൽ റോഡപകടം നടക്കുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് കേരളം. ദിവസം 12 പേരാണ് സംസ്ഥാനത്ത് റോഡപകടങ്ങളിൽ മരിക്കുന്നത്. ഏറ്റവും കൂടുതൽ റോഡപകടങ്ങൾ തിരുവനന്തപുരം എറണാകുളം തൃശ്ശൂർ ജില്ലകളിലാണ്. എഐ ക്യാമറകളുടെ കാര്യക്ഷമത പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി 692 ക്യാമറ പ്രവർത്തന സജ്ജമാണെന്ന് നിരീക്ഷിച്ചിട്ടുണ്ട്. 34 ക്യാമറകൾ കൂടി സജ്ജമാക്കേണ്ടതുണ്ട്”; മന്ത്രി പറഞ്ഞു.
12 വയസിൽ താഴെ ഉള്ള കുട്ടിക്കും ഹെൽമെറ്റ് നിർബന്ധമാണ്. 4 വയസിനു മുകളിൽ എല്ലാ കുട്ടികളും ഹെൽമറ്റ് വെക്കണം.എന്നാൽ, 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനങ്ങളിലെ ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷം സംസ്ഥാന സർക്കാർ അന്തിമ തീരുമാനം എടുക്കുന്നത് വരെയും കുട്ടികൾക്ക് പിഴ ഈടാക്കില്ലെന്ന് മന്ത്രി അറിയിച്ചു. 242746 നിയമ ലംഘനങ്ങളാണ് രണ്ടാം തീയതി വരെ എഐ ക്യാമറകളിലൂടെ നിരീക്ഷിച്ച് കണ്ടെത്തിയത്. നിരവധി കേസുകളിൽ തെളിവുണ്ടാക്കുന്നതിനും ഈ ക്യാമറകൾ സഹായിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലുള്ള നിയമപ്രകാരം തന്നെയാകും നടപടിയെടുക്കുക. ആരൊക്കെ ഒഴിവാക്കാമെന്ന് കേന്ദ്ര മാർഗനിർദേശങ്ങളുണ്ട്. ഇതനുസരിച്ചാകും മുന്നോട്ട് പോവുകയെന്നും മന്ത്രി പറഞ്ഞു. എമർജൻസി വാഹനങ്ങൾക്ക് നിലവിൽ ഇളവുകളുണ്ട്. ക്യാമറക്ക് വിഐപി പരിഗണനയില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ക്യാമറയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എഐ ക്യാമറകള്‍ സ്ഥാപിച്ച ഇടങ്ങളില്‍ കോണ്‍ഗ്രസ് നാളെ ധര്‍ണ നടത്തും. ബോധവത്കരണത്തിന്‍റെ ഭാഗമായ മുന്നറിയിപ്പ് സന്ദേശം ഇന്ന് കൂടി മാത്രമാണ് ഉണ്ടാവുക. നാളെ മുതല്‍ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, അനധികൃത പാര്‍ക്കിങ്, ചുവപ്പ് സിഗ്നല്‍ ലംഘനം, മൂന്ന് പേരുമായി ഇരുചക്രവാഹന യാത്ര എന്നിവക്ക് പിഴ ചുമത്തും. മൂന്ന് പേരുമായി ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ ഒരാള്‍ 12 വയസ്സിന് താഴെയുള്ള കുട്ടിയാണെങ്കില്‍ പിഴയില്‍ നിന്ന് ഇളവ് ലഭിക്കും. 726 എഐ ക്യാമറകളാണ് വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതിന് പുറമെ അമിതവേഗം കണ്ടെത്താന്‍ വാഹനങ്ങളില്‍ സ്ഥാപിച്ച 4 ക്യാമറകളുമുണ്ട്.